ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ചുളള അനാവശ്യ ഭീതി വേണ്ടെന്നും ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും പ്രമുഖ ശ്വാസകോശ വിദഗ്ധനും ഡല്‍ഹി എയിംസ് ഡയറക്ടറുമായ ഡോ. രന്‍ദീപ് ഗുലേറിയ. രോഗികളില്‍ 85-90 ശതമാനത്തിനും ചെറിയ രോഗലക്ഷണങ്ങളോ ലക്ഷണങ്ങള്‍ തന്നെ ഇല്ലാതെയോ ആണ് കാണുന്നത്. അവര്‍ക്ക് റെംഡെസിവിറോ ഓക്‌സിജനോ ആവശ്യമില്ല.
കൊവിഡ് രോഗികള്‍ ഉടന്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാണ്ടേതുമില്ല. സാധാരണ രോഗം വന്നാല്‍ ലക്ഷണം ഇല്ലാതാവന്‍ ഒരാഴ്ചയോ പരമാവധി 10 ദിവസമോ വേണ്ടിവരും. പോസിറ്റിവായ മുതല്‍ ഓക്‌സിജന്‍ തെറാപ്പി വേണ്ടിവരില്ല. ആവശ്യമില്ലാതെ അത്തരം ഉപകരണങ്ങള്‍ വാങ്ങുന്നത് വിപണിയില്‍ കൃത്രിമ ക്ഷാമമുണ്ടാക്കും. ആവശ്യമില്ലാതെ അവയുടെ ഉപയോഗം അവശ്യവസ്തുക്കള്‍ക്ക് ക്ഷാമമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പോസിറ്റിവ് ആയവര്‍ക്ക് ചെറിയ പനിയും ചുമയും തൊണ്ടവേദനയും മാത്രമേയുണ്ടാവുകയുള്ളൂ. അത് ചെറിയ ചികില്‍സ കൊണ്ടും ആവി പിടിച്ചും ചെറിയ വ്യായാമം ചെയ്തും മാറ്റിയെടുക്കാമെന്ന് ഡോ. ഗുലേറിയ പറഞ്ഞു. അതില്‍ തന്നെ 5 ശതമാനം പേര്‍ക്കാണ് രോഗം മൂര്‍ച്ഛിക്കുന്നത്. അവര്‍ക്ക് മാത്രമേ ശക്തമായ മരുന്നുകള്‍ ഉപയോഗിക്കേണ്ടിവരുന്നുള്ളൂ. രോഗം വന്നവരെ ആശുപത്രിയിലെത്തിക്കണമെന്നുപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.