പരന്ന മാറിടമുള്ള സ്ത്രീകൾ വിവാഹത്തിന് യോജിച്ചവരല്ല; വിവാദ പ്രസ്താവനയുമായി ടാൻസാനിയൻ പ്രസിഡന്റ്
ടാൻസാനിയ:വനിതാ ഫുട്ബോൾ താരങ്ങൾ വിവാഹത്തിന് അനുയോജ്യരല്ല എന്ന വിവാദ പ്രസ്താവനയുമായി ടാൻസാനിയൻ പ്രസിഡന്റ് സാമിയ സുലുഹു ഹസൻ. പരന്ന മാറിടമുള്ള വനിതാ ഫുട്ബോൾ താരങ്ങൾ ആകർഷണീയരല്ലെന്നായിരുന്നു സാമിയയുടെ പ്രസ്താവന. ദേശീയ പുരുഷ ടീമിന്റെ റീജിയണൽ ഫുട്ബോൾ ചാംപ്യൻഷിപ്പ് ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. ‘പരന്ന മാറിടമുള്ള സ്ത്രീകളെ കാണുമ്പോൾ അവർ പുരുഷൻമാരാണെന്ന് നമ്മൾ തെറ്റിദ്ധരിക്കും’ എന്നായിരുന്നു സാമിയ പറഞ്ഞത്.
‘അവരുടെ മുഖത്തേക്ക് നോക്കിയാൽ നിങ്ങൾക്ക് അത്ഭുതം തോന്നിയേക്കാം. കാരണം നിങ്ങൾക്കു വിവാഹം കഴിക്കണമെങ്കിൽ ആകർഷണമുള്ള ഒരാളെ വേണം. നിങ്ങൾ ആഗ്രഹിക്കുന്ന ഗുണങ്ങളുള്ള ഒരു സ്ത്രീയെ വേണം. ഒരുപാട് നേട്ടങ്ങളുള്ളവരായിരിക്കും വനിതാ ഫുട്ബോൾ താരങ്ങൾ. എന്നാൽ ആ കഴിവുകളെല്ലാം ഇങ്ങനെയൊരു ഘട്ടം വരുമ്പോൾ അപ്രസക്തമായിരിക്കും.
ഇന്ന് അവർ രാജ്യത്തിനു വേണ്ടി ട്രോഫികൾ സ്വന്തമാക്കുമ്പോൾ ഒരു രാജ്യമെന്ന നിലയിൽ നമ്മൾ അഭിമാനിക്കുന്നു. എന്നാൽ, അവരുടെ ഭാവിജീവിതം പരാജയമായിരിക്കും. കളിയിലൂടെ കാലുകൾക്കു തളർച്ചയുണ്ടാകുകയും അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. വിവാഹം എന്നത് അവരെ സംബന്ധിച്ചിടത്തോളം സ്വപ്നമായി മാറി. പുരുഷ ഫുട്ബോൾ കളിക്കാരിൽ ആരെങ്കിലും വനിതാ ഫുട്ബോൾ താരങ്ങളെ ഭാര്യമാരാക്കാൻ തയ്യാറാകുമോ? ഇല്ലെന്നാണ് എനിക്കു മനസ്സിലാകുന്നത്. അങ്ങനെ നിങ്ങൾ തയ്യാറായാൽ തന്നെ ഭാര്യയുമായി വീട്ടിലെത്തുമ്പോൾ നിങ്ങളുടെ അമ്മയോ മറ്റുബന്ധുക്കളോ നിന്റെ ഭാര്യ സ്ത്രീ തന്നെയാണോ എന്നു ചോദിക്കും. ’– സാമിയ ഹസൻ പറയുന്നു.
ജോൺ മഗഫുലിയുടെ പെട്ടന്നുണ്ടായ മരണത്തെ തുടർന്നാണ് സാമിയ ഹസൻ മാർച്ചിൽ അധികാരം ഏറ്റെടുത്തത്. സാമിയയുടെ പ്രസ്താവനയ്ക്കെതിരെ വലിയ വിമർശനമാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്നത്.വനിതാ താരങ്ങളെ അപമാനിക്കുന്ന രീതിയിലുള്ള പ്രസ്താവന പിൻവലിച്ച് ടാന‍്സാനാനിയൻ പ്രസിഡന്റ് മാപ്പുപറയണമെന്നും പ്രമുഖരടക്കം നിരവധിപേർ ഇതിനോടകം തന്നെ പ്രതികരിച്ചു കഴിഞ്ഞു.