തിരുവനന്തപുരം ,കൊല്ലം ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യത- ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദ്ദ മേഖല രൂപംകൊണ്ടിട്ടുണ്ട്. ഇത് 29 ന് കന്യാകുമാരി മേഖലക്ക് മുകളിലായി കൂടുതല്‍ ശക്തി പ്രാപിക്കാനും 31 ന് ലക്ഷദ്വീപ്- മാലദ്വീപ് മേഖലക്ക് മുകളിലായി അതിതീവ്ര ന്യൂനമര്‍ദ്ദമാകാനും സാധ്യതയുണ്ട്. ഈ ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ കേരള ലക്ഷദ്വീപ് തീരത്തിനിടയില്‍ കടല്‍ വരും മണിക്കൂറുകളില്‍ പ്രക്ഷുബ്ധമാകാനാണ് സാധ്യത.
മല്‍സ്യത്തൊഴിലാളികള്‍ ഇന്ന്(29/10/2019) മുതല്‍ ഒരു കാരണവശാലും കേരളം തീരത്തും കന്യാകുമാരി- മാലദ്വീപ് ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകരുത്. പോയവര്‍ ഏറ്റവും അടുത്തുള്ള തീരത്ത് എത്രയും വേഗം എത്തിച്ചേരേണ്ടതാണ്.
തുലാവര്‍ഷവും ന്യൂനമര്‍ദ സ്വാധീനവും കാരണം അടുത്ത ദിവസങ്ങളിലും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായതോ (24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ) ശക്തമായതോ (24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ) ആയ മഴക്കുള്ള സാധ്യതയുണ്ട്.
അടുത്ത 5 ദിവസത്തേക്കുള്ള മഴ സംബന്ധിച്ചുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജില്ലാതല പ്രവചനം
ഓറഞ്ച് അലെര്‍ട്ട്
2019 ഒക്ടോബര്‍ 29 ന് തിരുവനന്തപുരം ,കൊല്ലം എന്നീ ജില്ലകളിലും
2019 ഒക്ടോബര്‍ 30 ന് ആലപ്പുഴ,എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും
2019 ഒക്ടോബര്‍ 31 ന് മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലെര്‍ട് പ്രഖ്യാപിച്ചു.
ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതല്‍ 204.5 mm വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
മഞ്ഞ അലര്‍ട്ട്
2019 ഒക്ടോബര്‍ 29 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും
ഒക്ടോബര്‍ 30 ന് തിരുവനന്തപുരം ,കൊല്ലം, തൃശ്ശൂര്‍ ,പാലക്കാട് എന്നീ ജില്ലകളിലും
ഒക്ടോബര്‍ 31 ന് ഇടുക്കി,എറണാകുളം,തൃശ്ശൂര്‍ എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് yellow alert (മഞ്ഞ അലര്‍ട്ട്) പ്രഖ്യാപിച്ചിരിക്കുന്നു
ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഞ്ഞ അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികള്‍ വീക്ഷിക്കുക എന്നതാണ്.
വൈകുന്നേരങ്ങളിലെ കനത്ത മഴ താഴ്ന്ന പ്രദേശങ്ങളില്‍ പ്രാദേശിക പ്രളയങ്ങളും (local flooding) മലയോര മേഖലയില്‍ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ശക്തമായ മഴയുണ്ടാകുന്ന പക്ഷം ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. ആയതിനാല്‍ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കേണ്ടതാണ്. അപകട മേഖലയില്‍ താമസിക്കുന്നവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പാലിക്കണം.
നദികളിലെ ജലനിരപ്പ് സസൂക്ഷ്മം നിരീക്ഷിക്കേണ്ടതും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അപകട മേഖലകളിലുള്ളവരെ ഉടനടി മാറ്റി താമസിപ്പിക്കേണ്ടതുമാണ്.
അണക്കെട്ടുകളിലെ ജലനിരപ്പുകളും വെള്ളം പുറത്തേക്കൊഴുക്കുന്നതും സംബന്ധിച്ച് ദുരന്ത നിവാരണ അതോറിറ്റി നിരന്തരമായി അപ്ഡേറ്റ് ചെയ്യുന്നുണ്ട്. ഡാമില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുക്കുമെന്ന് മുന്നറിയിപ്പ് ലഭിക്കുന്ന പശ്ചാത്തലത്തില്‍ ഡാമുകളുടെ ഡൌണ്‍ സ്ട്രീമില്‍ താമസിക്കുന്നവര്‍ പ്രത്യേകം കരുതല്‍ സ്വീകരിക്കേണ്ടതാണ്.
ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുന്ന പശ്ചാത്തലത്തില്‍ പൊടുന്നനെയുണ്ടാകാന്‍ സാധ്യതയുള്ള മിന്നല്‍ പ്രളയങ്ങളും വെള്ളക്കെട്ടും പ്രതീക്ഷിക്കേണ്ടതാണ്.
കേരളത്തിലെ മുഴുവന്‍ ജില്ലകളിലും 24 മണിക്കൂറും അടിയന്തരഘട്ട കാര്യ നിര്‍വഹണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സഹായങ്ങള്‍ക്കും വിവരങ്ങള്‍ക്കും ടോള്‍ ഫ്രീ നമ്പറായ 1077 ബന്ധപ്പെടുക.
സാങ്കേതിക വിദഗ്ധരുടെയും വിവിധ വകുപ്പുകളുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും ഉള്‍പ്പെടെ സേവനം ലഭ്യമാക്കി കൊണ്ട് പൂര്‍ണ്ണ സജ്ജമാക്കി പ്രവര്‍ത്തിക്കുന്ന സംസ്ഥാന അടിയന്തഘട്ട കാര്യ നിര്‍വഹണ കേന്ദ്രം (SEOC) ഇന്നും തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. നാളത്തെ അവസ്ഥ പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്.
കാലാവസ്ഥ പ്രവചനങ്ങള്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് പുതുക്കുന്ന മുറയ്ക്ക് അലെര്‍ട്ടുകളിലും മാറ്റം വരാനുള്ള സാധ്യതയുണ്ട്.