ദില്ലി: ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളിൽ നിന്നും ജിഎസ് ടി ഈടാക്കാമെന്ന് കൗൺസിൽ. സൊമാറ്റോ, സ്വിഗ്ഗി അടക്കമുള്ള കമ്പനികൾ ഇനി ജിഎസ് ടി നികുതി അടക്കണം. 2022 ജനുവരി 1 മുതൽ പുതിയ നികുതി പ്രാബല്യത്തിൽ വരും. ഇ-കൊമേഴ്സ് കമ്പനികൾക്ക് സോഫ്ട് വെയർ മാറ്റത്തിന് വേണ്ടിയാണ് സമയം നീട്ടി നൽകുന്നത്. പല ഹോട്ടലുകളും ജി എസ് ടി അടക്കുന്നില്ലെന്നും പല ഹോട്ടലുകളും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഫിറ്റ്മെന്റ് പാനൽ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
അതേ സമയം അർബുദത്തിനുള്ള മരുന്നുകളുടെ ജിഎസ്ടി 12 ല്‍ നിന്ന് 5 ശതമാനമായും കുറച്ചിട്ടുണ്ട്. കൊവിഡ് മരുന്നുകളോടൊപ്പം തന്നെ കോവിഡ് 19 ചികിത്സയില്‍ ഉപയോഗിക്കുന്ന ചില മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും സെപ്റ്റംബര്‍ 30 വരെ ജിഎസ്ടി നിരക്കില്‍ ഇളവ് നല്‍കുമെന്ന് കൗണ്‍സില്‍ നേരത്തെ തീരുമാനിച്ചിരുന്നു. മരുന്നുകള്‍ക്ക് നല്‍കിയിരുന്ന ഇളവ് ജിഎസ്ടി കൗണ്‍സില്‍ ഡിസംബര്‍ 31 വരെ നീട്ടി.
പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്ന വിഷയം ചർച്ച ചെയ്യുന്നത് ജിഎസ്ടി കൗണ്‍സില്‍ മാറ്റിവച്ചു. പെട്രോളിന്‍റെയും ഡീസലിന്‍റെയും വില രാജ്യത്ത് പുതിയ റെക്കോര്‍ഡ് തീര്‍ക്കുന്ന സാഹചര്യത്തില്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തി വില കുറക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ സാമ്പത്തിക രംഗത്തിന്‍റെ നട്ടെല്ലൊടിക്കുന്ന തീരുമാനത്തിനെതിരെ സംസ്ഥാനങ്ങള്‍ കൗണ്‍സിലില്‍ ഒറ്റക്കെട്ടായി നിലപാടെടുത്തു. വിഷയം ചർച്ച ചെയ്യേണ്ട സാഹചര്യമായിട്ടില്ലെന്ന് വിലയിരുത്തിയ ജിഎസ്ടി കൗണ്‍സില്‍ വിഷയം പിന്നീട് പരിഗണിക്കാനായി മാറ്റിവെക്കുകയായിരുന്നു. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന കേരള ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടർന്നാണ് വിഷയം പരിഗണനയില്‍ വന്നത്.
കേരളം എതിര്‍പ്പ് ഉയർത്തിയ വെളിച്ചെണ്ണയുടെ ജിഎസ്ടി നിരക്ക് ഉയർത്തുന്നതും ഇന്ന് പരിഗണനക്കെടുത്തു. ഒരു ലിറ്ററില്‍ താഴെയുള്ള വെളിച്ചെണ്ണ ഹെയർ ഓയില്‍ ആയി ഉപയോഗിക്കപ്പെടുന്നതിനാല്‍ വരുമാന നഷ്ടം ഉണ്ടാകുന്നുവെന്നായിരുന്നു വിഷയം പഠിച്ച സമിതിയുടെ കൗണ്‍സിലിന്‍റെ കണ്ടെത്തല്‍.