ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിൽ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ചു.ലോക്‌സഭയില്‍ നിന്ന് 21 പേരും രാജ്യസഭയില്‍ നിന്ന് 10 പേരുമാണ് സമിതിയിലുള്ളത്. കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, മനീഷ് തിവാരി, ബിജെപി നേതാക്കളായ അനുരാഗ് സിങ് താക്കൂർ, അനിൽ ബാലുനി തുടങ്ങിയവർ സമിതിയിൽ ഉണ്ട്.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിനെതിരെ പ്രതിപക്ഷം വ്യാപക പ്രതിഷേധമാണ് ഉയർത്തിയത്. ഇതോടെയാണ് ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതി(ജെപിസി)യുടെ പരിഗണനയ്ക്ക് വിട്ടത്. ലോക്സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കുക എളുപ്പമല്ലെന്ന് കണ്ടാണ് ബില്ലുകള്‍ ജെപിസിക്ക് വിടാന്‍ തീരുമാനിച്ചത്. ലോക്സഭാ കാലാവധി തീരുംമുമ്പ് പാസാക്കിയില്ലെങ്കില്‍ ബില്‍ കാലഹരണപ്പെടും.
ലോക്സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള 129ാം ഭരണഘടനാ ഭേദഗതി ബില്ലും കേന്ദ്രഭരണ പ്രദേശങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ കൂടി ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്താനുള്ള ഭേദഗതി ബില്ലുമാണ് നിയമമന്ത്രി അര്‍ജുന്‍ റാം മെഹ്വാൾ കഴിഞ്ഞദിവസം അവതരിപ്പിച്ചത്. ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ അംഗബലം ലോക്സഭയില്‍ സര്‍ക്കാരിനില്ലെന്ന് അവതരണാനുമതി തേടിയ ഘട്ടത്തില്‍ വെളിപ്പെട്ടിരുന്നു. ഭരണഘടനാ ഭേദഗതി പാസാക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം (362 പേരുടെ പിന്തുണ) വേണം.
എന്‍ഡിഎയ്ക്ക് 293 ഉം പ്രതിപക്ഷ ഇൻഡ്യാ കൂട്ടായ്മയ്ക്ക് 234ഉം അംഗങ്ങളാണുള്ളത്. എന്‍ഡിഎയുടെ ഭാഗമല്ലാത്ത നാല് എംപിമാരുള്ള വൈഎസ്ആര്‍സിപിയും അകാലിദളിന്റെ ഏക അംഗവും പിന്തുണച്ചാലും എന്‍ഡിഎ 300ല്‍പ്പോലുമെത്തില്ല. അവതരണ പ്രമേയം വോട്ടിനിട്ടപ്പോള്‍ പിന്തുണച്ചത് 269 അംഗങ്ങള്‍.198 പേര്‍ എതിര്‍ത്തു. വിപ്പ് നല്‍കിയിട്ടും ഇരുപത് ബിജെപി എംപിമാര്‍ വിട്ടുനിന്നു. എന്‍ഡിഎയുടെ പ്രധാന ഘടകകക്ഷിയായ ജെഡിയുവിലെ ആരും പിന്തുണച്ച് സംസാരിച്ചില്ല.