കൊച്ചിയില്‍ വീണ്ടും ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു; ഇത്തവണ അഗ്നിക്കിരയായത് ഓമ്‌നി വാന്‍
കൊച്ചി: കൊച്ചിയില്‍ വീണ്ടും ഓടിക്കൊണ്ടിരിക്കുന്നതിനിടെ വാഹനത്തിന് തീപിടിച്ചു. ഓമ്‌നി വാനാണ് ഓടികൊണ്ടിരിക്കുമ്പോള്‍ കത്തിയത്. കൊച്ചി അങ്കമാലി കറുകുറ്റിയിലായിരിന്നു അപകടം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തിന് പിന്നാലെ ഫയര്‍ഫോഴ്സ് സംഭവസ്ഥലത്തെത്തി തീയണച്ചു.
ഓടിക്കൊണ്ടിരിക്കുന്നതിനിടെ തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വാഹനം നിര്‍ത്തുകയായിരുന്നു. പുളിയനം കല്‍ക്കുഴി വീട്ടില്‍ വിശ്വംഭരന്റേതാണ് വാഹനം. വാഹനത്തിലുള്ളവര്‍ക്ക് പരിക്കില്ലെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. ഫയര്‍ഫോഴ്സെത്തി തീയണച്ചു. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
അതേസമയം കഴിഞ്ഞ ദിവസം കുണ്ടന്നൂര്‍ ജംഗ്ഷനു സമീപം ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചിരുന്നു. തീ പടര്‍ന്ന ഉടന്‍ യാത്രക്കാര്‍ ചാടി ഇറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല. വെള്ളിയാഴ്ച ഉച്ചയോടെ അരൂര്‍ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാറിനാണ് തീപിടിച്ചത്.