ഹോക്കിയിൽ ഇന്ത്യയ്ക്ക് ജയം, ഒളിംപിക്സ് ക്വാർട്ടറിൽ,തകർത്തത് ചാമ്പ്യൻമാരെ

ടോക്യോ:പുരുഷ ഹോക്കിയിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യ. നിലവിലെ ജേതാക്കളായ അർജന്റീനയെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് തകർത്തത് ഇന്ത്യൻ പുരുഷ ടീം ക്വാർട്ടറിൽ പ്രവേശിച്ചു.ഗോൾരഹിതമായ ആദ്യ രണ്ട് ക്വാർട്ടറുകൾക്ക് ശേഷം 43-ാം മിനിറ്റിൽ വരുൺ കുമാറാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്.

അഞ്ചു മിനിറ്റിന് ശേഷം പെനാൽറ്റി കോർണറിലൂടെ മൈക്കോ കാസെല്ല അർജന്റീനയെ ഒപ്പമെത്തിച്ചു.മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കേ 58-ാം മിനിറ്റിൽ വിവേക് സാഗർ ഇന്ത്യയുടെ രണ്ടാം ഗോൾ നേടി.

അർജന്റീനയ്ക്ക് നിലയുറപ്പിക്കാൻ പോലും സമയം നൽകാതെ തൊട്ടടുത്ത മിനിറ്റിൽ പെനാൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച് ഹർമൻപ്രീത് സിങ് ഇന്ത്യയുടെ ജയമുറപ്പിച്ചു.
നേരത്തെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനെ തോൽപ്പിച്ച (3-2) ഇന്ത്യ രണ്ടാം മത്സരത്തിൽ ഓസീസിനോട് 7-1ന് തോറ്റിരുന്നു. തുടർന്ന് സ്പെയ്നിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകർത്തു.നാളെ ജപ്പാനെതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം.