തിരുവനന്തപുരം: നോക്കാന്‍ ആളില്ലെന്ന കാരണത്താല്‍ പിതാവിനെ മക്കള്‍ കൊടുംവെയിലില്‍ കസേരയിലിരുത്തി റോഡില്‍ ഉപേക്ഷിച്ചു. വട്ടിയൂര്‍ക്കാവ് സ്വദേശിയായ റിട്ട. എസ് ഐയ്ക്ക് നേരെയാണ് മക്കളുടെ കൊടുംക്രൂരത. ഒടുവല്‍ നാലുമണിക്കൂറോളം റോഡില്‍ ഇരിക്കേണ്ടി വന്ന പിതാവിന് തുണയായത് പോലീസും നാട്ടുകാരും.
ഏഴ് ആണ്‍മക്കളുള്ള ഇദ്ദേഹത്തിന് പെന്‍ഷന്‍ തുകയായി പ്രതിമാസം 27,000 രൂപ വരുമാനവുമുണ്ട്. ഇയാളുടെ ഭാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അവരെ കാണാന്‍ ഒപ്പം താമസിച്ചിരുന്ന മകനും കുടുംബവും ആശുപത്രിയിലേക്കു പോയപ്പോഴാണ് അച്ഛനെ കസേരയിലിരുത്തി വീടിനു മുന്നിലെ റോഡില്‍ ഇരുത്തിയത്.
രാവിലെ എട്ടുമണിയോടെ റോഡില്‍ ഇരിക്കാന്‍ തുടങ്ങിയ അദ്ദേഹം ഉച്ചയായിട്ടും അവിടെത്തന്നെ ഇരിക്കുന്നത് കണ്ട നാട്ടുകാര്‍ വിവരം വട്ടിയൂര്‍ക്കാവ് പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയായിരിന്നു. പോലീസെത്തി തൊട്ടടുത്തുള്ള മകന്റെ വീട്ടിലേക്ക് പിതാവിനെ എത്തിച്ചെങ്കിലും സ്ഥലസൗകര്യമില്ലെന്നുപറഞ്ഞ് അയാള്‍ കൈയൊഴിഞ്ഞു. മക്കളെ വിളിച്ചുവരുത്തി ചര്‍ച്ചചെയ്ത് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുമെന്നും ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. എന്നാല്‍ തന്നെ ഉപേക്ഷിച്ച മക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പിതാവ് തയ്യാറായില്ലെന്നും പോലീസ് പറഞ്ഞു.