ന്യൂയോര്‍ക്ക്:എൻവിഡിയ ഇനി ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനി. ആപ്പിൾ ഏറെക്കാലമായി തുടർച്ചയായി കയ്യടക്കിയിരുന്ന സ്ഥാനം എൻവിഡിയ വീണ്ടും സ്വന്തമാക്കുകയാണ്. ജൂണിൽ ഈ സ്ഥാനം നേടിയിരുന്നെങ്കിലും പിന്നീട് ആപ്പിൾ തിരിച്ചുകയറിയിരുന്നു. ആപ്പിളും മൈക്രോസോഫ്റ്റുമാണ് മൂല്യത്തിൽ തൊട്ടുപിന്നിലുള്ളത്. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നിന്നുള്ള കണക്കുകൾ പ്രകാരം എൻവിഡിയയുടെ വിപണി മൂല്യം 3.53 ലക്ഷം കോടി ഡോളറായി വെള്ളിയാഴ്ച ഉയർന്നു.
എഐ മേഖലയിൽ എൻവിഡിയ നടത്തിയ മുന്നേറ്റമാണ് കമ്പനിയുടെ ഓഹരികൾ കുതിക്കാൻ കാരണം. എൻവിഡിഎ വികസിപ്പിക്കുന്ന എഐ ചിപ്പുകൾ ഡാറ്റാ സെൻ്ററുകളിലും ഡ്രൈവറില്ലാ വാഹനങ്ങളിലും എല്ലാം ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. ജൂണിൽ ആദ്യമായി മൂല്യത്തിൽ ആപ്പിളിനെ മറികടന്നപ്പോൾ 3.2 ലക്ഷം കോടി ഡോളറായിരുന്നു കമ്പനി തൊട്ട വിപണി മൂല്യം. ഇപ്പോൾ ലോകത്തെ മുൻനിര ടെക്ക് കമ്പനികൾ എല്ലാം കടുത്ത മത്സരത്തിലാണ്. ഇതിനിടയിൽ എഐ രംഗത്ത് എൻവിഡിയ നടത്തിയ പുതിയ ചുവടുവയ്പുകൾ കമ്പനിയുടെ മൂല്യം കൂടുതൽ ഉയരാൻ സഹായകരമായി.
പതിറ്റാണ്ടുകളായി അമേരിക്കൻ കമ്പനികളായ ഇൻ്റലും ആഡ്വാൻസ്ഡ് മൈക്രോ ഡിവൈസും യുഎസിലെ ഇലക്ട്രോണിക് ചിപ്പ് മേഖലയിൽ ആധിപത്യം പുലർത്തുകയായിരുന്നു. ഇതിനിടയിലേക്കാണ് പിന്നീട് എൻവിഡിയയുടെ കടന്നുവരവ്. 1993-ലാണ് എൻവിഡിയ പ്രത്യേക തരം കമ്പ്യൂട്ടർ ചിപ്പ് രൂപകൽപ്പന ചെയ്തത്.
ഇൻ്റലും അഡ്വാൻസ് മൈക്രോ ഡിവൈസും കമ്പ്യൂട്ടിംഗ്, സോഫ്റ്റ്‍വെയർ സിപിയു നിർമാണത്തിലായിരുന്നു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അപ്പോൾ എൻവിഡിഎ കളം ഒന്നു മാറ്റിപ്പിടിച്ചു. ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റുകളിൽ സ്പെഷ്യലൈസ് ചെയ്തു. വീഡിയോ, കമ്പ്യൂട്ടർ ഗെയിമുകൾ എന്നിവയുമായി ഒക്കെ ബന്ധപ്പെട്ടിരിക്കുന്ന ജിപിയു പരീക്ഷണങ്ങൾ നേട്ടമായി.
സാധാരണ സിപിയുവിനേക്കാൾ പല നേട്ടങ്ങളും ഈ ജിപിയുകൾക്കുണ്ട്. ഊർജ്ജ കാര്യക്ഷമതയും കൂടുതൽ.
പതിയെ മറ്റ് വലിയ ചിപ്പ് നിർമ്മാതാക്കളുമായി ആയി എൻവിഡിയയുടെ മത്സരം. സ്വന്തം ജിപിയു നിർമ്മാണത്തിലേക്ക് തിരിഞ്ഞു. പ്രോഗ്രാമർമാർ ഇഷ്ടപ്പെടുന്ന സോഫ്‌റ്റ്‌വെയറുകളുമായി എൻവിഡിയ അവരുടെ ചിപ്പുകൾ സംയോജിപ്പിച്ചു. ജിപിയു ഉൽപ്പാദനം മാത്രമല്ല വിതരണ ശൃംഖലയും ശക്തമാക്കി. ഓട്ടോ കമ്പനികൾ ഉൾപ്പെടെ പതിയെ എൻവിഡിയ ചിപ്പുകളിലേക്ക് തിരിയാൻ തുടങ്ങി.
കമ്പനിയുടെ ഹാർഡ്‌വെയർ ഇപ്പോൾ എല്ലാ ടെസ്‌ല വാഹനങ്ങളിലും ഉപയോഗിക്കുന്നുണ്ട്.