‘എന്റെ അധികമുള്ള മാര്‍ക്ക് ഏറ്റവും കുറവ് മാര്‍ക്ക് വാങ്ങിയ കുട്ടിയ്ക്ക് കൊടുത്തോളൂ’ ഉത്തരക്കടലാസില്‍ വിദ്യാര്‍ത്ഥി എഴുതിയ കുറിപ്പ് വൈറലാകുന്നു
പരീക്ഷയ്ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങാനാണ് ഓരോ വിദ്യാര്‍ത്ഥികളും ശ്രമിക്കുന്നത്. എന്നാല്‍ ഉത്തരക്കടലാസില്‍ ഒരു വിദ്യാര്‍ത്ഥി എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. ‘നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍, എന്റെ ബോണസ് പോയിന്റ് ഏറ്റവും കുറവ് മാര്‍ക്കുവാങ്ങിയ ആള്‍ക്ക് നല്‍കാനാവുമോ?’ ഉത്തരങ്ങളെല്ലാം എഴുതി പൂര്‍ത്തിയാക്കിയതിന് ശേഷം ഉത്തരക്കടലാസില്‍ ഒരു വിദ്യാര്‍ത്ഥി എഴുതിയ കുറിപ്പാണ് ഇത്.
ഡല്‍ഹി സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ നല്ല മനസാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. തന്റെ ബോണസ് പോയിന്റ് അത് ഉപകാരപ്പെടുന്ന മറ്റേതെങ്കിലും കുട്ടിക്ക് നല്‍കാനാണ് അവന്‍ അധ്യാപകനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പരീക്ഷയില്‍ കുട്ടിക്ക് എ പ്ലസ് മാര്‍ക്കാണ് ലഭിച്ചത്. അധികമുള്ള അഞ്ച് ബോണസ് പോയിന്റാണ് മറ്റാര്‍ക്കെങ്കിലും നല്‍കാന്‍ ടെസ്റ്റ് പേപ്പറിന്റെ ഉത്തരക്കടലാസില്‍ എഴുതിവെച്ച കുറിപ്പിലൂടെ ആവശ്യപ്പെടുന്നത്.
കുട്ടി എഴുതിയ കുറിപ്പിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വിദ്യാര്‍ത്ഥിയെ പുകഴ്ത്തിക്കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. തനിക്ക് അധികമുള്ള മാര്‍ക്ക് നല്‍കി മറ്റൊരാളെ സഹായിക്കാനുള്ള അവന്റെ മനസ് വളരെ വലുതാണ് എന്നാണ് എല്ലാവരും കുറിക്കുന്നത്. നമുക്ക് ഉപകാരപ്പെടാത്തവ അത് ആവശ്യമുള്ളവര്‍ക്ക് നല്‍കാനുള്ള മനസ് ഇവനെപ്പോലെ എല്ലാവരും കാണിക്കണം എന്നും പറയുന്നവരുണ്ട്.
എന്നാല്‍ കുട്ടിയുടെ ആവശ്യം നല്ലതാണെങ്കില്‍ അധ്യാപകര്‍ ഒരിക്കലും ആ മാര്‍ക്ക് മറ്റൊരാള്‍ക്ക് നല്‍കില്ലെന്നും എല്ലാവരും പഠിച്ച് മാര്‍ക്ക് വാങ്ങുകയാണ് ചെയ്യേണ്ടത് എന്നുമാണ് മറ്റു ചിലര്‍ പറയുന്നത്.