സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കില്ല; സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് അംഗീകരിച്ചു
കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ വര്‍ധിപ്പിച്ച ബസ് ചാര്‍ജ് കുറയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ അംഗീകാരം. വര്‍ധിപ്പിച്ച ചാര്‍ജ് കുറയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് അംഗീകരിക്കുകയും സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യുകയുമായിരിന്നു.
വര്‍ധിപ്പിച്ച ടിക്കറ്റ് നിരക്ക് കുറയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ബസുടമകളുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ടിക്കറ്റ് നിരക്ക് കുറയ്ക്കരുതെന്ന് ഉത്തരവിട്ടത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
കൊവിഡിന്റെ സാഹചര്യം പരിഗണിച്ചാണ് ടിക്കറ്റ് നിരക്ക് 50 ശതമാനം വര്‍ധിപ്പിച്ചതെന്നും നിയന്ത്രണങ്ങള്‍ മാറിയതിനാല്‍ ചാര്‍ജ് കുറയ്ക്കണമെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ബസ് ഉടമകള്‍ക്കുള്ള ടാക്സ് മൂന്നുമാസത്തേക്ക് ഒഴിവാക്കി നല്‍കിയിട്ടുണ്ട്. ടിക്കറ്റ് വര്‍ധനയെ സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി പരിശോധിച്ചു വരികയാണെന്നും സര്‍ക്കാര്‍ അപ്പീലില്‍ പറഞ്ഞു.
മോട്ടര്‍വാഹന നിയമപ്രകാരം ചാര്‍ജ് വര്‍ധന അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും ഇക്കാര്യത്തില്‍ കോടതി ഇടപെടുന്നത് ശരിയല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.