ഉദ്ഘാടന ചടങ്ങിനെത്തിയ നൂറിന്‍ ഷെരീഫിന്റെ മൂക്കിന് ഇടിയേറ്റു; വേദന കടിച്ചമര്‍ത്തി ജനങ്ങളോട് സംസാരിച്ച് താരം, വീഡിയോ കാണാം
മലപ്പുറം: മഞ്ചേരിയില്‍ ഹൈപ്പര്‍ മാര്‍ക്കത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ നടി നൂറിന്‍ ഷെരീഫിന് നേരെ കൈയേറ്റ ശ്രമം. നൂറിന്‍ വൈകിയെത്തിയെന്നാരോപിച്ച് ജനം ബഹളം വച്ചു. ഇതിനിടെ ആരുടേയോ കൈ തട്ടി നൂറിന് മൂക്കിന് പരുക്കേല്‍ക്കുകയായിരിന്നു. വേദന കടിച്ചമര്‍ത്തിയാണ് ഉദ്ഘാടന ചടങ്ങിനെത്തിയ ജനങ്ങളോട് നൂറിന്‍ സംസാരിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയകളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.
ഉദ്ഘാടന ചടങ്ങിനെത്തിയ നൂറിന്റെ വാഹനം ആള്‍ക്കൂട്ടം വളഞ്ഞു. ആള്‍ക്കൂട്ട ബഹളത്തിനിടെയാണ് മൂക്കിന് ഇടി കിട്ടിയത്. ഇടിയുടെ ആഘാതത്തില്‍ മൂക്കിന്റെ ഉള്‍വശത്ത് ചെറിയ ക്ഷതമുണ്ടായി. നൂറിന്‍ വേദിയിലെത്തിയതോടെ ജനക്കൂട്ടം ബഹളവും ശകാരവര്‍ഷവും ആരംഭിച്ചു. ബഹളം അനിയന്ത്രിതമായതോടെ നൂറിന്‍ തന്നെ മൈക്കെടുത്ത് സംസാരിക്കുകയായിരുന്നു.
ഇടിയേറ്റ മൂക്ക് പൊത്തിപ്പിടിച്ച് വിതുമ്പിക്കൊണ്ടാണ് നൂറിന്‍ ജനങ്ങളോട് സംസാരിച്ചുതുടങ്ങിയത്. താന്‍ പറയുന്ന് കേള്‍ക്കണമെന്നും കുറച്ച് നേരത്തേയ്ക്ക് ബഹളം വയ്ക്കാതിരിക്കണമെന്നും നൂറിന്‍ ആവശ്യപ്പെട്ടു. താന്‍ വരുന്ന വഴിക്ക് ആരൊക്കെയോ മൂക്കിന് ഇടിച്ചുവെന്നും അതിന്റെ വേദന സഹിച്ചാണ് ഇവിടെ നില്‍ക്കുന്നതെന്നും നൂറിന്‍ പറഞ്ഞു. ഒന്നര മണിക്കൂറോളം അവിടെ ചെലവിട്ടാണ് നൂറിന്‍ മടങ്ങിയത്.