സ്‌കൂളിലെ ഉച്ചഭക്ഷണ പാത്രത്തില്‍ വീണ് പൊള്ളലേറ്റ് മൂന്നുവയസുകാരിയ്ക്ക് ദാരുണാന്ത്യം
മിര്‍സാപുര്‍ : സ്‌കൂളില്‍ ഉച്ചഭക്ഷണം തയാറാക്കുന്ന പാത്രത്തില്‍ വീണ് മൂന്നു വയസ്സുകാരി മരിച്ചു. ഉത്തര്‍പ്രദേശിലെ മിര്‍സാപുരിലെ രാംപൂര്‍ പ്രൈമറി സ്‌കൂളില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ കാല്‍ തട്ടിയാണ് കുട്ടി പാത്രത്തിലേക്കു വീണത്. സ്‌കൂളിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലാണ് മൂന്നുവയസ്സുകാരി പഠിച്ചിരുന്നത്.
പാചകക്കാരുടെ ചെവിയില്‍ ഇയര്‍ഫോണ്‍ ആയിരുന്നെന്നും അശ്രദ്ധ മൂലമാണു കുഞ്ഞ് മരിച്ചതെന്നും പിതാവ് ആരോപിച്ചു. അപകടം നടന്ന ഉടനെ അധ്യാപകരും പാചകക്കാരും ചേര്‍ന്ന് സര്‍ക്കാര്‍ പ്രാഥമികാശുപത്രിയിലേക്കു കുട്ടിയെ കൊണ്ടുപോയി.തുടര്‍ന്ന് മിര്‍സാപുരിലെ ഡിവിഷനല്‍ ആശുപത്രിയിലേക്കു മാറ്റാനാണു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. കുട്ടിക്ക് 80 ശതമാനത്തിലധികം പൊള്ളല്‍ ഏറ്റിരുന്നു.സംഭവത്തേക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.