കൊച്ചി: തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തില്‍ അധ്യക്ഷ അജിത തങ്കപ്പനെതിരെ അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കാനൊരുങ്ങി ഇടതു കൗണ്‍സിലര്‍മാര്‍. വെള്ളിയാഴ്ച അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കാനാണ് തീരുമാനം. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത നഗരസഭയില്‍ ഇപ്പോള്‍ അജിത തങ്കപ്പന്‍ ഭരിക്കുന്നത് നാല് സ്വതന്ത്രരുടെ പിന്തുണയിലാണ്. അതുകൊണ്ടു തന്നെ അവിശ്വാസ പ്രമേയം വരികയാണെങ്കില്‍ സ്വതന്ത്രര്‍ ആര്‍ക്കൊപ്പമെന്നതു ഭരണകാര്യത്തില്‍ നിര്‍ണായകമാകും.
വിവാദത്തില്‍, അജിതയോടു വിജയോജിപ്പുള്ള കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ ചിലര്‍ അജിത തങ്കപ്പനെതിരെ വോട്ടുചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇടതു പാളയം. ആകെയുള്ള 43ല്‍ 21 യുഡിഎഫ് കൗണ്‍സിലര്‍മാരും 17 എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുമാണ് ഉള്ളത്. അഞ്ചു പേര്‍ വിമതരായി വിജയിച്ചവരാണ്. ഇവരില്‍ നാലു പേര്‍ ഇപ്പോള്‍ യുഡിഎഫിനൊപ്പവും ഒരാള്‍ എല്‍ഡിഎഫിനൊപ്പവുമാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഒരു കൗണ്‍സിലറുടെ പിന്തുണ അജിത തങ്കപ്പന് ലഭിക്കാനിടയില്ലെന്നാണ് ഇടതു പാളയത്തിന്റെ വിലയിരുത്തല്‍. ഇദ്ദേഹത്തിന്റെ ഉള്‍പ്പെടെ തന്നെ നാലു പേരുടെ പിന്തുണ ലഭിച്ചാല്‍ എല്‍ഡിഎഫിന് അവിശ്വാസപ്രമേയം വിജയിക്കാം.
വെള്ളിയാഴ്ച നോട്ടിസ് നല്‍കിയാല്‍ 15 ദിവസത്തിനകം വീണ്ടും തിരഞ്ഞെടുപ്പുണ്ടാകും. വിപ്പ് നല്‍കുകയാണെങ്കില്‍ അതു ലംഘിച്ച് എതിര്‍ ചേരിക്ക് ആരെങ്കിലും വോട്ടുചെയ്യുമെന്നു കരുതാനാകില്ല. ഓണസമ്മാനമായി 10,000 രൂപ നല്‍കിയെന്നാരോപിച്ച് പ്രതിപക്ഷം ആരംഭിച്ച പ്രതിഷേധം കോടതിയിലേക്കു നീണ്ടതോടെ സമരം തുടരാന്‍ സാധിക്കാത്ത അവസ്ഥയിലാണ് പ്രതിപക്ഷം. ഓഫിസ് ഉപരോധിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി സുരക്ഷ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് അവസാന ആയുധം എന്ന നിലയില്‍ അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നല്‍കാനുള്ള ഇടതു തീരുമാനം.