ഡിഎൻഎ പരിശോധന വേണം; കോട്ടയം സ്വദേശിനിയുടെ പരാതിയിൽ വിമുക്തഭടനോട് സുപ്രീംകോടതി
ന്യൂഡല്‍ഹി :സ്വകാര്യത ചൂണ്ടിക്കാട്ടി ഡിഎന്‍എ പരിശോധനയില്‍ ഇളവു തേടിയ മലയാളിയായ വിമുക്ത ഭടന്റെ ഹർജി സുപ്രീം കോടതി തള്ളി. കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച തർക്കം തീർക്കുന്നതിനാണ് ഡിഎൻഎ പരിശോധനയ്ക്കു വിധേയനാകാൻ കരസേനയിൽ നിന്നു വിരമിച്ച കൊല്ലം സ്വദേശിയോട് കീഴ്ക്കോടതി നിർദേശിച്ചത്. ഈ ഉത്തരവ് ഹൈക്കോടതിയും ശരിവച്ചതോടെ സ്വകാര്യതാ വിഷയം ഉയർത്തി ഡിഎൻഎ പരിശോധനയിൽനിന്ന് ഇളവുതേടി ഇദ്ദേഹം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
സ്വകാര്യതയുടെ പേരിൽ ഡിഎൻഎ പരിശോധനയിൽ ഇളവു നൽകാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബേല എം.ത്രിവേദി എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഇതോടെ, തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇദ്ദേഹം ഡിഎന്‍എ പരിശോധനയ്ക്കു വിധേയനാകേണ്ടി വരും.
കോട്ടയം സ്വദേശിനിയായ യുവതിയാണ് തന്റെ മകളുടെ പിതാവ് കൊല്ലം സ്വദേശിയായ വിമുക്ത ഭടനാണെന്ന് ആരോപിച്ച് പരാതി നൽകിയത്. തുടർന്ന് ഡിഎൻഎ പരിശോധയ്ക്കു വിധേയനാകാൻ ഇദ്ദേഹത്തോട് കോട്ടയം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. ഇതിനെതിരെ ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചെങ്കിലും, കീഴ്ക്കോടതി ഉത്തരവ് ശരിവയ്ക്കുകയാണ് ഹൈക്കോടതി ചെയ്തത്. കരസേനയിൽ ഹവില്‍ദാര്‍ മേജര്‍ തസ്തികയില്‍നിന്ന് വിരമിച്ച കൊല്ലം സ്വദേശി ഇതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഡിഎന്‍എ പരിശോധനയ്ക്കു രക്തസാംപിള്‍ നല്‍കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് വിമുക്തഭടനു വേണ്ടി ഹാജരായ അഭിഭാഷകര്‍ സുപ്രീം കോടതിയിൽ വാദിച്ചു. പുട്ടുസ്വാമി കേസിലെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി ചൂണ്ടിക്കാട്ടി അഭിഭാഷകർ വാദിച്ചെങ്കിലും, ഡിഎന്‍എ പരിശോധനയിൽ ഈ വാദം കണക്കിലെടുക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
വിമുക്ത ഭടനുമായുള്ള തന്റെ വിവാഹം 1999ല്‍ ആന്ധ്രപ്രദേശിലെ ഒരു ക്ഷേത്രത്തില്‍ വച്ചു നടന്നുവെന്നാണ് യുവതിയുടെ വാദം. എന്നാല്‍, കാര്‍ഗില്‍ യുദ്ധം നടക്കുന്ന സമയമായതിനാല്‍ കരസേനയില്‍ ആര്‍ക്കും അവധി ലഭിക്കില്ലായിരുന്നുവെന്നാണ് വിമുക്തഭടന്റെ വാദം. ഇയാൾക്ക് സേന അനുവദിച്ച ക്വാർട്ടേഴ്‌സില്‍ താമസിച്ചിട്ടുണ്ടെന്ന് യുവതി ആരോപിച്ചെങ്കിലും, അന്ന് 25 വയസ് പൂര്‍ത്തിയായിരുന്നില്ലെന്നതിനാൽ കുടുംബസമേതം താമസിക്കാന്‍ ക്വാർട്ടേഴ്സ് ലഭിക്കുമായിരുന്നില്ലെന്ന് വിമുക്ത ഭടൻ വാദിച്ചു.