ടോക്യോ: വെങ്കല മെഡലിനായുള്ള നിർണായക മത്സരത്തിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിന് തോൽവി. മൂന്നിനെതിരേ നാലുഗോളുകൾക്ക് ബ്രിട്ടനാണ് ഇന്ത്യയെ കീഴടക്കിയത്. ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് മെഡൽ നേടുക എന്ന ഉറച്ച ലക്ഷ്യത്തോടെ കളിക്കാനിറങ്ങിയ ഇന്ത്യൻ വനിതകൾ ബ്രിട്ടനെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്.
ബ്രിട്ടന് വേണ്ടി സിയാൻ റായെർ, പിയേനി വെബ്, ഗ്രേസ് ബാൽസ്ഡൺ, സാറ റോബേർട്സൺ എന്നിവർ സ്കോർ ചെയ്തു. ഇന്ത്യയ്ക്കായി ഗുർജിത് കൗർ ഇരട്ട ഗോളുകൾ നേടിയപ്പോൾ വന്ദന കടാരിയ മൂന്നാം ഗോൾ നേടി.
ഇന്ത്യൻ പുരുഷ ടീമിന് പിന്നാലെ വെങ്കലമെഡൽ സ്വപ്നം കണ്ടിറങ്ങിയ അവിശ്വസനീമായി മത്സരത്തിലേക്ക് തിരിച്ചുവന്ന് ലീഡെടുത്തെങ്കിലും അവസാന നിമിഷം മത്സരം കൈവിടുകയായിരുന്നു.
മത്സരം തുടങ്ങിയപ്പോൾ തൊട്ട് ബ്രിട്ടൻ മത്സരത്തിൽ ആധിപത്യം പുലർത്തി. ആദ്യ മിനിട്ടിൽ തന്നെ പെനാൽട്ടി കോർണർ നേടിയെടുക്കാൻ ബ്രിട്ടന് സാധിച്ചു. പിന്നാലെ ഗോളെന്നുറച്ച ഒരു ഷോട്ടുതിർത്തെങ്കിലും ഇന്ത്യൻ ഗോൾകീപ്പർ സവിത അത് വിഫലമാക്കി.
പിന്നാലെ നിരവധി ആക്രമണങ്ങൾ ആദ്യ ക്വാർട്ടറിൽ ബ്രിട്ടൻ നടത്തിയെങ്കിലും സവിതയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിരോധം ആ ശ്രമങ്ങളെയെല്ലാം ഇല്ലാതാക്കി. ആദ്യ ക്വാർട്ടറിൽ ബ്രിട്ടന് രണ്ട് പെനാൽട്ടി കോർണറുകൾ ലഭിച്ചപ്പോൾ ഒന്നു പോലും നേടിയെടുക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല.
രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിൽ തന്നെ ബ്രിട്ടൻ മത്സരത്തിൽ ലീഡെടുത്തു. 16-ാം മിനിട്ടിൽ സിയാൻ റായെറാണ് സ്കോർ ചെയ്തത്. റായറിന്റെ ക്രോസ് ഇന്ത്യൻ പ്രതിരോധതാരം സുശീല ചാനുവിന്റെ ഹോക്കി സ്റ്റിക്കിൽ തട്ടി പോസ്റ്റിൽ കയറുകയായിരുന്നു. ഗോൾ വഴങ്ങിയതോടെ ഇന്ത്യൻ മുന്നേറ്റനിര ഉണർന്നുകളിച്ചു.
എന്നാൽ രണ്ടാം ക്വാർട്ടറിൽ ഇന്ത്യയുടെ നിഷ ഗ്രീൻ കാർഡ് കണ്ടതോടെ ഇന്ത്യ രണ്ട് മിനിട്ടിലേക്ക് 10 പേരായി ചുരുങ്ങി. ഈ അവസരം മുതലെടുത്ത ബ്രിട്ടൻ രണ്ടാം ഗോൾ നേടി. 24-ാം മിനിട്ടിൽ മികച്ച ഫിനിഷിലൂടെ സാറ റോബർട്സണാണ് ഗോൾ നേടിയത്. ഇതോടെ ബ്രിട്ടൻ 2-0 എന്ന സ്കോറിന് മുന്നിലെത്തി.
എന്നാൽ രണ്ട് ഗോൾ വഴങ്ങിയതിനുപിന്നാലെ ഇന്ത്യ ഒരു ഗോൾ തിരിച്ചടിച്ചു. 25-ാം മിനിട്ടിൽ ലഭിച്ച പെനാൽട്ടി കോർണർ ലക്ഷ്യത്തിലെത്തിച്ച് ഗുർജിത് കൗറാണ് ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്. തൊട്ടുപിന്നാലെ 26-ാം മിനിട്ടിൽ ഇന്ത്യ ബ്രിട്ടനെ ഞെട്ടിച്ച് സമനില ഗോൾ നേടി. ഇത്തവണയും പെനാൽട്ടി കോർണറിലൂടെ ഗുർജിത് തന്നെയാണ് ഇന്ത്യയ്ക്ക് വേണ്ടി സ്കോർ ചെയ്തത്. ഗുർജിതിന്റെ ടൂർണമെന്റിലെ നാലാം ഗോളാണിത്. ഇതോടെ മത്സരം ആവേശത്തിലായി.
തൊട്ടുപിന്നാലെ ബ്രിട്ടനെ ഞെട്ടിച്ചുകൊണ്ട് മത്സരത്തിലാദ്യമായി ഇന്ത്യ ലീഡെടുത്തു. ഇന്ത്യയുടെ ഗോളടിയന്ത്രം വന്ദന കടാരിയയാണ് മൂന്നാം ഗോൾ കണ്ടെത്തിയത്. ബ്രിട്ടീഷ് പ്രതിരോധതാരത്തിന്റെ പിഴവിൽ നിന്നും പന്ത് കണ്ടെത്തിയ വന്ദന ഗോൾകീപ്പർക്ക് ഒരു അവസരവും നൽകാതെ ഗോൾ നേടി. താരത്തിന്റെ ടൂർണമെന്റിലെ നാലാം ഗോളാണിത്. രണ്ടാം ക്വാർട്ടർ അവസാനിച്ചപ്പോൾ ഇന്ത്യ 3-2 എന്ന സ്കോറിന് മുന്നിലെത്തി. ഈ അഞ്ച് ഗോളുകളും രണ്ടാം ക്വാർട്ടറിലാണ് പിറന്നത്.
മൂന്നാം ക്വാർട്ടറിൽ തികച്ചും വ്യത്യസ്തമായ തന്ത്രമാണ് ബ്രിട്ടൻ പുറത്തെടുത്തത്. അതിന്റെ ഭാഗമായി 35-ാം മിനിട്ടിൽ ബ്രിട്ടൻ സമനില ഗോൾ കണ്ടെത്തി. നായിക ഹോളി പിയേനെ വെബ്ബാണ് ബ്രിട്ട്ന് വേണ്ടി മൂന്നാം ഗോൾ നേടിയത്. താരം ടോക്യോ ഒളിമ്പിക്സിൽ നേടുന്ന ആദ്യ ഗോളാണിത്. ഇതോടെ മത്സരം സമനിലയിലായി. പിന്നീട് ആക്രമണങ്ങളുമായി ബ്രിട്ടീഷ് പെൺനിര ഇന്ത്യൻ ഗോൾ പോസ്റ്റിന് മുന്നിൽ ഭീഷണിയുയർത്തിയപ്പോൾ തകർപ്പൻ സേവുകളിലൂടെ സവിത ഇന്ത്യയുടെ രക്ഷകയായി. മൂന്നാം ക്വാർട്ടർ അവസാനിച്ചപ്പോൾ ഇന്ത്യയും ബ്രിട്ടനും സമനിലയിൽ പിരിഞ്ഞു.
നാലാം ക്വാർട്ടറിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യയുടെ ഉദിതയ്ക്ക് റഫറി മഞ്ഞക്കാർഡ് വിധിച്ചു. ഈ അവസരം മുതലെടുത്ത് ബ്രിട്ടൻ മത്സരത്തിൽ നിർണായക ലീഡെടുത്തു. 48-ാം മിനിട്ടിൽ ഗ്രേസ് ബാൾസ്ഡണാണ് നാലാം ഗോൾ നേടിയത്. ഇതോടെ ഇന്ത്യ പ്രതിരോധത്തിലായി. വൈകാതെ നിരാശയോടെ ഇന്ത്യ മത്സരത്തിൽ കീഴടങ്ങി