നിഷാ ജോസ് കെ മാണി സജീവ രാഷ്ട്രീയത്തിലേക്ക്; പാലാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് സൂചന
കോട്ടയം: ജോസ് കെ മാണി എം.പിയുടെ ഭാര്യയും നിഷ ജോസ് കെ മാണി സജീവ രാഷ്ട്രീയത്തിലേക്കെന്ന് സൂചന. പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിഷ ജോസ് കെ മാണി മത്സരിക്കുമെന്നാണ് വിവരം. പാലാ അസംബ്ലി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന യൂത്ത് ഫ്രണ്ട് (എം)എലിക്കുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കെഎം മാണി അനുസ്മരണ പരിപാടിയിലും അതിനെ തുടര്‍ന്ന് പൈക സെന്റ് മേരിസ് എല്‍ പി സ്‌കൂളിലെ കുട്ടികള്‍ക്കുള്ള സൗജന്യ കുട വിതരണ പരിപാടിയിലും മുഖ്യാതിഥി നിഷ ജോസ് കെ മാണിയായിരിന്നു. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണിതെന്നാണ് സൂചന.
കോട്ടയത്തെയും പാലായിലെയും സാമൂഹ്യ-സാംസ്‌കാരിക സന്നദ്ധസംഘടനകളുടെ പരിപാടികളില്‍ വര്‍ഷങ്ങളായി നിഷ നിറസാന്നിധ്യം ആണെങ്കിലും ആദ്യമായാണ് ഒരു രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുക്കുന്നത്. നിഷയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കേരള കോണ്‍ഗ്രസ് നേതൃത്വവും ജോസ് കെ മാണി എം പിയും ഇതുവരെ തീരുമാനം പറഞ്ഞിട്ടില്ലെങ്കിലും കേരള കോണ്‍ഗ്രസ് അണികള്‍ നിഷ ജോസിന്റെ പേരാണ് ഉയര്‍ത്തിക്കാട്ടുന്നത്. കെ എം മാണിക്ക് ഏറെ വൈകാരികമായ ബന്ധമുള്ള പാലാ നിയോജകമണ്ഡലത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തില്‍നിന്ന് ഒരാള്‍ മത്സരിക്കുവാന്‍ രംഗത്ത് വരണമെന്ന് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും പൊതുവേ പാലാക്കാരുടെയും അഭിലാഷമാണ്. കെ എം മാണിയുടെ മരുമകള്‍ എന്നതില്‍ക്കവിഞ്ഞ് അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ മകളെപ്പോലെ സ്‌നേഹിക്കുകയും തന്റെ ആത്മകഥയെഴുതാന്‍ ചുമതലപ്പെടുത്തുകയും ചെയ്തത് നിഷ ജോസിനെ ആയിരുന്നു.
പാലാ നിയോജക മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ വേരോട്ടം ഉള്ളതും കൃത്യമായ സംഘടനാ സംവിധാനം ഉള്ളതുമായ മണ്ഡലമാണ് എലിക്കുളം. ഇതെല്ലാം മുന്നികണ്ടുകൊണ്ടാണ് തന്റെ രാഷ്ട്രീയ പ്രവേശന പൊതു പരിപാടിക്ക് നിഷ ജോസ് എലിക്കുളം മണ്ഡലം തെരഞ്ഞെടുക്കുവാന്‍ കാരണമായത്. ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി നിഷ ജോസ് കടന്ന് വരികയാണെങ്കില്‍ പാലാ ഉപതെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ല എന്ന് ജോസഫ് വിഭാഗവും പ്രസ്താവന നടത്തിയിരുന്നു. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്തും അതിനുമുമ്പ് കടുത്തുരുത്തി നിയമസഭ മണ്ഡലത്തിലും നിഷയുടെ പേര് ഉയര്‍ന്നു കേട്ടിരുന്നു.