KeralaNationalNews

മരണം ഉറപ്പാക്കാന്‍ നിര്‍ഭയ കേസ് പ്രതികളുടെ മൃതദേഹം അരമണിക്കൂര്‍ കഴുമരത്തില്‍ തൂക്കിയിട്ടു,തൂക്കിലേറ്റിയത് 5.30 ന്

ന്യൂഡല്‍ഹി:നിശ്ചിത പദ്ധതിയില്‍ നിന്നും അണുവിട തെറ്റാതെ കൃത്യസമയം പാലിച്ചാണ് നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പിലായത്.പ്രതികളുടെ അഭിഭാഷകന്‍ അവാസന മണിക്കൂറുകള്‍ വരെ പോരാട്ടം നടത്തിയെങ്കിലും ഇതൊന്നും ശ്രദ്ധിക്കാതെ ജയിലില്‍ പ്രതികള്‍ക്കുള്ള തൂക്കുകയര്‍ ഒരുങ്ങുകയായിരുന്നു.

കഴുമരത്തിലേക്ക് പ്രതികള്‍ നടന്നുകയറുന്നതിനുള്ള അവസാന തടസവും സുപ്രീംകോടതി എടുത്തു മാറ്റിയതോടെ തീഹാര്‍ ജയിലില്‍ വിധി നടപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. വധശിക്ഷ നടപ്പാക്കാന്‍ ചുമതലയുള്ള ജയില്‍ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. അവസാനവട്ട വിലയിരുത്തലുകള്‍ നടത്തി. ആരാച്ചാര്‍ പവന്‍ ജല്ലാദും യോഗത്തില്‍ പങ്കുചേര്‍ന്നു. സുപ്രീംകോടതി ഹര്‍ജി തള്ളിയെന്നും വധശിക്ഷ നടപ്പാക്കുകയാണെന്നും ഇതിനിടെ പ്രതികളെ അധികൃതര്‍ അറിയിച്ചിരുന്നു.

പ്രതികളെ വീണ്ടും ബന്ധുക്കളെ കാണിക്കണമെന്ന് സുപ്രീംകോടതിയില്‍ പ്രതികളുടെ അഭിഭാഷകനായ എപി സിംഗ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സോളിസിറ്റര്‍ ജനറല്‍ ഇതിനെ എതിര്‍ത്തിരുന്നു. ഇക്കാര്യത്തില്‍ ജയില്‍ ചട്ടപ്രകാരം അധികൃതര്‍ക്ക് തീരുമാനമെടുക്കാം എന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്. അവസാനമായി കുടുംബാംഗങ്ങളെ കാണാന്‍ നാല് പ്രതികളും താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ജയില്‍ മാനുവല്‍ പ്രകാരം ബന്ധുക്കളെ കാണാന്‍ ഇനി അവസരം നല്‍കാനാവില്ലെന്ന് തീഹാര്‍ ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

പുലര്‍ച്ചെ 4.45ഓടെ പ്രതികളെ ഉദ്യോഗസ്ഥര്‍ അവസാന വട്ട പരിശോധനയ്ക്ക് വിധേയരാക്കി. പ്രതികളുടെയെല്ലാം ശാരീരിക ക്ഷമത തൃപ്തികരമാണെന്ന് ഡോക്ടര്‍ പരിശോധിച്ചു സാക്ഷ്യപ്പെടുത്തി. തുടര്‍ന്ന് നാല് പ്രതികള്‍ക്കും പത്ത് മിനിറ്റ് നേരം പ്രാര്‍ത്ഥനയ്ക്കായി സമയം അനുവദിച്ചു.

പുലര്‍ച്ചെ അഞ്ച് മണിയോടെ വധശിക്ഷയ്ക്ക് മുന്നോടിയായുള്ള കൗണ്ട്ഡൗണ്‍ തുടങ്ങി. പ്രാര്‍ത്ഥനയ്ക്ക് ശേഷം നാല് പ്രതികളേയും സെല്ലില്‍ നിന്നും തൂക്കുകയറിനടുത്തേക്ക് കൊണ്ടു പോയി. തൂക്കുമുറി എത്തുന്നതിന് തൊട്ടു മുന്‍പായി നാല് പ്രതികളുടേയും കണ്ണുകള്‍ കറുത്ത തുണി കൊണ്ടു അധികൃതര്‍ മൂടി. ശേഷം അവസാനവട്ട പരിശോധന നടത്തി.

എല്ലാ പ്രതികളുടേയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും തൂക്കിലേറ്റുന്നത് ഒഴിവാക്കാനുള്ള സാഹചര്യമില്ലെന്നും ജയില്‍ മെഡിക്കല്‍ ഓഫീസര്‍ തൂക്കുമുറിയിലുണ്ടായിരുന്ന മജിസ്‌ട്രേറ്റിനെ സാക്ഷ്യപ്പെടുത്തി.5.29ഓടെ ജയില്‍ അധികൃതര്‍ നാല് പ്രതികളുടേയും മരണവാറണ്ട് വായിച്ചു കേള്‍പ്പിച്ചു. ആരാച്ചാരായ പവന്‍ ജല്ലാദിനെ സഹായിക്കാന്‍ നാല് പേരെ അധികൃതര്‍ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ പ്രതികളുടെ കഴുത്തില്‍ തൂക്കുകയര്‍ അണിയിച്ചു. കൃത്യം 5.30ന് നാല് പ്രതികളുടേയും വധശിക്ഷ നടപ്പായി. 5.31ന് ഇക്കാര്യം ജയില്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

നാല് പേരുടേയും മൃതദേഹങ്ങള്‍ ചട്ടപ്രകാരം അരമണിക്കൂര്‍ സമയം കൂടി തൂക്കുകയറില്‍ തന്നെ കിടന്നു. മരണം പൂര്‍ണമായും ഉറപ്പാക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. തുടര്‍ന്ന് രാവിലെ ആറ് മണിയോടെ നാല് പേരുടേയും മൃതദേഹങ്ങള്‍ തൂക്കുകയറില്‍ നിന്നും അഴിച്ചു മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker