നിര്‍ഭയ കേസിലെ പ്രതികളെ ഉടന്‍ തൂക്കിലേറ്റാന്‍ കഴിയില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡല്‍ഹി: നിര്‍ഭയാ കേസിലെ നാല് പ്രതികളുടെ വധശിക്ഷ ഈ മാസം 22 ന് നടക്കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതില്‍. കേസിലെ പ്രതികളിലൊരാള്‍ ദയാഹര്‍ജി നല്‍കിയിട്ടുണ്ടെന്നും ഇത് തള്ളിയാല്‍ തന്നെ 14 ദിവസത്തെ നോട്ടീസ് നല്‍കിയ ശേഷം മാത്രമേ വധശിക്ഷ നടപ്പാക്കാനാവൂ എന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. കേസിലെ പ്രതികളായ വിനയ് ശര്‍മ, മുകേഷ് കുമാര്‍, അക്ഷയ് കുമാര്‍ സിംഗ്, പവന്‍ ഗുപ്ത എന്നിവരെ അടുത്ത ബുധനാഴ്ച രാവിലെ ഏഴിന് തിഹാര്‍ ജയിലില്‍ തൂക്കിലേറ്റാന്‍ ഡല്‍ഹി പാട്യാല ഹൗസ് കോളനി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ഇതിനെതിരെ പ്രതികള്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് സുപ്രീം കോടതി തള്ളിയതിനു പിന്നാലെ പ്രതികളിലൊരാളായ മുകേഷ് സിംഗ് ദയാഹര്‍ജി നല്‍കി. ഇതില്‍ തീരുമാനം ഉണ്ടായ ശേഷം പ്രതികള്‍ക്ക് 14 ദിവസത്തെ നോട്ടീസ് നല്‍കിയ ശേഷം മാത്രമേ ശിക്ഷ നടപ്പാക്കാനാകൂ എന്നാണ് ചട്ടം. ഈ തടസമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. മരണവാറന്റിനെതിരെ പ്രതി മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു ഇത്. വധശിക്ഷയ്‌ക്കെതിരായ അപ്പീല്‍ സുപ്രീം കോടതി തള്ളിയ ശേഷം തുടര്‍നടപടികള്‍ വിശദീകരിച്ച് പ്രതികള്‍ക്ക് നോട്ടീസ് നല്‍കാന്‍ വൈകിയതില്‍ പോലീസിനെ കോടതി വിമര്‍ശിച്ചു.