ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് എതിരെ നിര്‍ഭയ കേസിലെ പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി. പ്രതികളായ വിനയ് ശര്‍മ, മുകേഷ് സിംഗ് എന്നിവരുടെ തിരുത്തല്‍ ഹര്‍ജികളാണ് തള്ളിയത്. അതിക്രൂരമായി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി തിരുത്തല്‍ ഹര്‍ജികള്‍ തള്ളിയത്. ജസ്റ്റീസ് എന്‍.വി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജി കേട്ടത്. എന്‍.വി രമണയുടെ ചേംബറിലായിരുന്നു ഹര്‍ജികള്‍ പരിഗണിച്ചത്. ജസ്റ്റീസുമാരായ അരുണ്‍ മിശ്ര, ആര്‍.ഭാനുമതി, അശോക് ഭൂഷണ്‍, ആര്‍.എഫ് നരിമാന്‍ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
ഹര്‍ജി പരിഗണിച്ച അഞ്ചംഗ ബെഞ്ച് പത്ത് മിനിറ്റിനുള്ളില്‍ തന്നെ നടപടി പൂര്‍ത്തിയാക്കി. കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ജനുവരി 22ന് രാവിലെ ഏഴിന് നടപ്പാക്കാന്‍ ഡല്‍ഹി പട്യാലഹൗസ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പ്രതികള്‍ തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.