ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. പ്രതികളുടെ ശിക്ഷ നടപ്പാക്കുന്ന ആരാച്ചാര്‍ പവന്‍ ജലാദിനെ ചൊവ്വാഴ്ച ഉത്തര്‍പ്രദേശിലെ മീററ്റില്‍ എത്തി തിഹാര്‍ ജയില്‍ അധികൃതര്‍ കൂട്ടിക്കൊണ്ടുപോയി. ഇത് നാലാം തവണയാണ് ആര്‍ച്ചാരെ തിഹാര്‍ ജയില്‍ അധികൃതര്‍ ശിക്ഷ നടപ്പാക്കാന്‍ എത്തിക്കുന്നത്. കഴിഞ്ഞ മൂന്ന് തവണയും മരണവാറന്റ് കോടതി സ്റ്റേ ചെയ്തിരുന്നു.
പ്രതികള്‍ പുനപരിശോധനാ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കിയതോടെയാണ് ശിക്ഷയ്ക്ക് സ്റ്റേ അനുവദിച്ചിരുന്നത്. പ്രതികളുടെ നിയമ നടപടികള്‍ എല്ലാം അവസാനിച്ചതോടെ മാര്‍ച്ച് 20ന് ശിക്ഷ നടപ്പാക്കാന്‍ ഡല്‍ഹി വിചാരണ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന് മുന്നോടിയായി ജയിലില്‍ ഡമ്മി പരീക്ഷണങ്ങളും നടത്തി. നാല് പ്രതികള്‍ക്കും ഒരു കഴുമരത്തിലാണ് ശിക്ഷ നടപ്പാക്കുന്നത്. ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇന്ന് രാവിലെ ഒരുക്കങ്ങള്‍ എല്ലാം വിലയിരുത്തി. വധശിക്ഷകളുടെ എണ്ണം കുറഞ്ഞതോടെ രാജ്യത്ത് ആരാച്ചാര്‍മാരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. തനിക്ക് പ്രതിമാസം ലഭിക്കേണ്ട 3,000 രൂപ സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് ആരോപിച്ച് ആരാച്ചാര്‍ പവന്‍ ജലാദ് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്ന വാര്‍ത്ത 2015-ല്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ ലോകശ്രദ്ധ നേടിയ നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ പോകുമ്പോള്‍ ആരാച്ചാര്‍ക്ക് വലിയ ശമ്പള വര്‍ധനവുണ്ട്. ഓരോ വധശിക്ഷയ്ക്കും 20,000 രൂപയാണ് ആരാച്ചാര്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് തിഹാര്‍ ജയിലില്‍ എത്തിച്ച ആരാച്ചാര്‍ക്ക് പ്രത്യേക താമസ സൗകര്യം അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. മൂന്നാം നമ്പര്‍ ജയിലില്‍ പ്രത്യേക ബാരക്കിലാണ് ആരാച്ചാര്‍ താമസിക്കുന്നത്.