നിപ രോഗിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി,പരസഹായമില്ലാതെ നടന്ന് തുടങ്ങി, നിരീക്ഷണത്തിലുള്ള ആർക്കും നിപയില്ല
കൊച്ചി:നിപ ബാധിതനായി എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടതായി മെഡിക്കൽ ബുള്ളറ്റിൻ. രോഗി പരസഹായമില്ലാതെ നടന്നു തുടങ്ങി.
രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടികയിലുണ്ടായിരുന്ന ഒരാളെ മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. വരാപ്പുഴ സ്വദേശിയാണ്. മെഡിക്കല്‍ കോളേജില്‍ ഐസലേഷന്‍ വാര്‍ഡില്‍ 8 രോഗികളാണുള്ളത്. ഇവരുടെ നില സ്റ്റേബിളായി തുടരുന്നു.
സാമ്പിള്‍ ശേഖരണം
എറണാകുളം മെഡിക്കല്‍ കോളജില്‍ പുതുതായി പ്രവേശിപ്പിച്ച ഒരു രോഗിയുടേതടക്കം ഇന്ന് അഞ്ച് സാമ്പിളുകളാണ് പരിശോധനക്കായി ശേഖരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ്, ഇടുക്കി ജില്ലാ ആസ്പത്രി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഓരോ സാമ്പിളുകളും എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രണ്ട് പേരുടെ രണ്ടാം ഘട്ട പരിശോധനക്കായി ശേഖരിച്ച സാമ്പിളും ഉള്‍പ്പെടുന്നു.
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 30 പേരെ കിടത്താവുന്ന പുതിയ ഐസലേഷന്‍ വാര്‍ഡ് സജ്ജമായതിനെതുടര്‍ന്ന്. ട്രയല്‍ റണ്‍ നടത്തി. രോഗി ആംബുലിസില്‍ എത്തുന്നത് മുതല്‍ ഐസലേഷന്‍ വാര്‍ഡില്‍ എത്തുന്നത് വരെയുള്ള ഓരോ ഘട്ടങ്ങളും കാര്യക്ഷമമാക്കുന്നതിനായിട്ടാണ് ട്രയല്‍ റണ്‍ നടത്തിയത്.
നിപ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ ആരോഗ്യനില
ആകെ 329 പേരാണ് സമ്പര്‍ക്ക ലിസ്റ്റിലുള്ളത്. 52 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലും 277 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലും ഉള്‍പ്പെട്ടവരാണ്.
വിദഗ്ദ്ധസംഘത്തിന്റെ പഠനം
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നുള്ള വിദഗ്ധ സംഘം തൊടുപുഴ, മുട്ടം മേഖലകളില്‍ നിന്നുള്ള 52 പഴം തീനി വവ്വാലുകളില്‍ നിന്ന് ഇതേവരെ സാമ്പിളുകള്‍ ശേഖരിച്ചു.
ഇന്ന് ഇവിടെ നിന്ന് 22 സാമ്പിളുകളാണ് പൂനെ എന്‍ ഐ വി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ
ശേഖരിച്ചത്. ഈ സാംപിളുകള്‍ ശേഖരിച്ച് പുനെയിലേക്ക് അയക്കും. നാളെ ആലുവ, പറവൂര്‍ മേഖലകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കും. നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനയാണ് നടക്കുന്നത്. ഡോ. സുദീപിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഡോ. ഗോഖലെ, ഡോ: ബാലസുബ്രഹ്മണ്യന്‍ എന്നീ ശാസ്ത്രജ്ഞരും ഉണ്ട്.
നിപ കണ്‍ട്രോള്‍ റൂമില്‍ സംശയനിവാരണത്തിനായി ഇതുവരെ എത്തിയത് 596 കോളുകളാണ്. 7 കോളുകളാണ് ഇന്ന് ലഭിച്ചത്.
നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്ന് 2327 പേര്‍ക്ക് പരിശീലനം നല്‍കി. ഇതോടെ ആകെ പരിശീലനം ലഭിച്ചവരുടെ എണ്ണം 18655 ആയി.