Home-bannerKeralaNewsRECENT POSTS

മഠത്തില്‍ വച്ച് കടന്നുപിടിച്ചു, വീഡിയോ കോളിലൂടെ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിച്ചു; ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ലൈംഗികാരോപണവുമായി മറ്റൊരു കന്യാസ്ത്രീ

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിചാരണ നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നേരെ വീണ്ടും ലൈംഗികാരോപണവുമായി മറ്റൊരു കന്യാസ്ത്രീ. നേരത്തെയുള്ള പീഡനകേസില്‍ സാക്ഷിയായ കന്യാസ്ത്രീയാണ് ഇപ്പോള്‍ ബിഷപ്പിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത്. കേസുമായി ബന്ധപ്പെട്ട് നല്‍കിയ സാക്ഷിമൊഴിയിലാണ് യുവതിയുടെ ലൈംഗിക ആരോപണം.

മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയാണ് ബിഷപ്പിനെതിരെ മൊഴി നല്‍കിയത്. മഠത്തില്‍ വച്ച് ബിഷപ്പ് തന്നെ കടന്നുപിടിച്ചെന്നും വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നും കന്യാസ്ത്രീ മൊഴിയില്‍ പറയുന്നു. വീഡിയോ കോളിലൂടെ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ബിഷപ്പ് നിര്‍ബന്ധിച്ചിട്ടുണ്ടെന്നും മൊഴിയില്‍ പറയുന്നു. ബിഷപ്പ് ഫ്രാങ്കോയുടെ സ്വാധീനം ഭയന്നാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍, യുവതിയുടെ ആരോപണത്തില്‍ പോലീസ് കേസെടുത്തില്ല. പരാതിയുമായി കന്യാസ്ത്രീക്ക് മുന്‍പോട്ട് പോകാന്‍ താല്‍പര്യമില്ലാത്തതിനാലാണ് കേസെടുക്കാത്തതെന്ന് പൊലീസ് പറയുന്നു. അതേസമയം, പീഡന വിഷയത്തില്‍ പോലീസിന് സ്വമേധയാ കേസെടുക്കാമെന്നിരിക്കെ പോലീസ് കേസെടുക്കാത്തതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.

അതിനിടെ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയിന്മേലുള്ള പ്രാഥമിക വാദം ഈ മാസം 22 ന് തുടങ്ങും.2018 ജുണിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ പോലീസില്‍ പരാതി നല്‍കിയത്. 2014 മുതല്‍ 2016 വരെയുള്ള കാലത്ത് തന്നെ 13 തവണ ലൈംഗികമായി പീഡിപ്പിച്ചതായി കന്യാസ്ത്രീ പരാതിയില്‍ ബോധിപ്പിച്ചു. കോട്ടയം ജില്ലയിലെ മഠത്തിലേക്കുള്ള സന്ദര്‍ശന വേളകളിലായിരുന്നു.

മറ്റു മൂന്നിലേറെ സ്ത്രീകളും അടുത്തിടെ അദ്ദേഹത്തിനെതിരെ പരാതി നല്‍കിയെങ്കിലും സഭയുടെ യോഗത്തില്‍ ബിഷപ്പ് നിഷ്‌കളങ്കനാണെന്ന് പറഞ്ഞ് ഒഴിവാകുകയായിരുന്നുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 2018 സെപ്തംബര്‍ 22 ന് കൊച്ചിയില്‍ വച്ചാണ് ചോദ്യം ചെയ്യലിനുശേഷം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണ കൂടാതെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിനെതിരെ പ്രോസിക്യൂഷന്‍ കഴിഞ്ഞ ആഴ്ച തടസ്സ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. കഴിഞ്ഞ നാലു തവണ കേസ് കോടതി പരിഗണിച്ചപ്പോഴും ബിഷപ്പ് ഹാജരായിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker