മുംബൈ:റെഡ്മി ഇന്ത്യൻ വിപണിയിൽ രണ്ട് പുതിയ ബജറ്റ് സ്മാർട്ട്ഫോണുകൾ പുറത്തിറക്കി. റെഡ്മി 12 4ജി (Redmi 12 4G), റെഡ്മി 12 5ജി (Redmi 12 5G) എന്നീ ഫോണുകളാണ് കമ്പനി ലോഞ്ച് ചെയ്തത്. ബജറ്റ് വിഭാഗത്തിൽ മികച്ച സവിശേഷതകളുമായിട്ടാണ് ഈ ഫോണുകൾ വരുന്നത്. വില കുറഞ്ഞ 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് മികച്ച ചോയിസായിരിക്കും റെഡ്മി 12 5ജി. ഈ ഫോണുകൾ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലും മൂന്ന് കളർ ഓപ്ഷനുകളിലും ലഭ്യമാകും.
റെഡ്മി 12 4ജി സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിലാണ് ലഭ്യമാകുന്നത്. ഫോണിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 8,999 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള റെഡ്മി 12 4ജി സ്മാർട്ട്ഫോണിന് 10,499 രൂപ വിലയുണ്ട്. റെഡ്മി 12 5ജി സ്മാർട്ട്ഫോൺ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് ലഭ്യമാവുക. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 10,999 രൂപയും 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 12,4999 രൂപയും 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 14,999 രൂപയുമാണ് വില.
റെഡ്മി 12 4ജി, റെഡ്മി 12 5ജി സ്മാർട്ട്ഫോണുകൾ ആഗസ്റ്റ് 4ന് ഉച്ചയ്ക്ക് 12 മണി മുതൽ വിൽപ്പനയ്‌ക്കെത്തും. റെഡ്മി 12 5ജി സ്മാർട്ട്ഫോൺ ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ആമസോണിലുമാണ് വിൽപ്പനയ്ക്കെത്തുന്നത്. റെഡ്മി 12 4ജി സ്മാർട്ട്ഫോണിന്റെ വിൽപ്പന നടക്കുന്നത് ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ഫ്ലിപ്പ്കാർട്ടിലുമാണ്. ഈ ഫോണുകൾ ആദ്യ വിൽപ്പനയിലൂടെ ആകർഷകമായ ഓഫറുകളിൽ ലഭ്യമാകും.
റെഡ്മി 12 4ജി സ്മാർട്ട്ഫോൺ ഗ്ലാസ് ബാക്ക് പാനലോടെയാണ് വരുന്നത്, ഇത് ഫോണിന് പ്രീമിയം ലുക്ക് നൽകുന്നു. ക്യാമറ ലെൻസുകൾക്ക് ചുറ്റുമായി സിൽവർ മെറ്റാലിക് റിമ്മുകൾ നൽകിയിട്ടുണ്ട്. 90Hz റിഫ്രഷ് റേറ്റുള്ള 6.79 ഇഞ്ച് FHD+ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഡിസ്‌പ്ലേയ്ക്ക് മൂന്ന് വശത്തും നേർത്ത ബെസലുകളുണ്ട്. ആൻഡ്രോയിഡ് 13 ബേസ്ഡ് എംഐയുഐ 14ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹെലിയോ ജി88 പ്രോസസറാണ്.
റെഡ്മി 12 4ജി സ്മാർട്ട്ഫോണിൽ മൂന്ന് ക്യാമറകളുണ്ട്. 50 എംപി പ്രാമറി ക്യാമറ, 8 എംപി അൾട്രാവൈഡ് ക്യാമറ, 2 എംപി മാക്രോ ക്യാമറ എന്നിവയാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് റെഡ്മി 12 4ജി ഫോണിലുള്ളത്. പാസ്റ്റൽ ബ്ലൂ, മൂൺഷൈൻ സിൽവർ, ജേഡ് ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും.
റെഡ്മി 12 4ജിക്ക് സമാനമായ സവിശേഷതകളാണ് റെഡ്മി 12 5ജിയിലുള്ളത്. രണ്ട് ഫോണുകളും തമ്മിലുള്ള പ്രധാന വ്യത്യാസം ചിപ്‌സെറ്റും 5ജി സപ്പോർട്ടുമാണ്. റെഡ്മി 12 5ജിയിൽ പേര് സൂചിപ്പിക്കുന്നത് പോലെ ഈ വില വിഭാഗത്തിൽ അധികം ലഭിക്കാത്ത 5ജി കണക്റ്റിവിറ്റി സപ്പോർട്ടുണ്ട്. സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ ഈ ചിപ്പ്സെറ്റ് ആദ്യമായി എത്തിക്കുന്ന ഫോൺ കൂടിയാണ് റെഡ്മി 12 5ജി. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് ക്യാമറ, 8 എംപി സെൽഫി ക്യാമറ എന്നിവയും ഫോണിലുണ്ട്.