കൊച്ചി: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരത്തിന് പി.പി.ഇ കിറ്റ് ധരിച്ച് എം.എല്‍.എ അന്‍വര്‍ സാദത്ത് മുന്നിട്ടിറങ്ങിയ സംഭവം കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. മരണപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് വിടവാങ്ങല്‍ നല്‍കുവാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായതോടെയാണ് എംഎല്‍എ മുന്നിട്ടിറങ്ങിയത്. ഈ സംഭവത്തെ കുറിച്ച് ഡോ. നെല്‍സണ്‍ ജോസഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നു.
ഡോ.നെല്‍സണ്‍ ജോസഫിന്റെ കുറിപ്പ്
‘പി.പി.ഇ കിറ്റ് ഊരിക്കഴിഞ്ഞ് കുളിക്കുന്ന സമയത്തുള്ള സുഖം പോലെ വേറൊന്നും ഈ അടുത്ത കാലത്തെങ്ങും അനുഭവിച്ചിട്ടില്ല..’ സംസാരിച്ചിരിക്കുന്ന കൂട്ടത്തില്‍ ഒരു ഡോക്ടര്‍ സുഹൃത്ത് പറഞ്ഞതാണ്. ശരിയാണ്. അതിട്ട് മണിക്കൂറുകള്‍ നില്‍ക്കുന്നതൊരു സാഹസം തന്നെയാണ്. എം.എല്‍.എ അന്‍വര്‍ സാദത്ത് പി.പി.ഇ കിറ്റ് ഇട്ട് നില്‍ക്കുന്നതിനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് കണ്ടപ്പൊ ഓര്‍മവന്നത് ആ കമന്റാണ്. കൊവിഡ് ബാധ മൂലം മരണമടഞ്ഞയാളുടെ സംസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ വേണ്ടി മുന്നിട്ടിറങ്ങിയതിനെക്കുറിച്ച് ആദ്യം വായിച്ചത് ഒരു ഫേസ്ബുക്ക് കുറിപ്പായിരുന്നു.
പത്രക്കട്ടിങ്ങിലെ വാര്‍ത്ത കണ്ടപ്പൊ അതിനെക്കുറിച്ച് തന്നെയാണെന്നായിരുന്നു കരുതിയത്. വായിച്ചപ്പൊഴാണ് അത് മറ്റൊരു സംഭവമാണെന്ന് മനസിലായത്. മരണമടഞ്ഞവര്‍ക്ക് അനുശോചനങ്ങള്‍…മരണപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് വിടവാങ്ങല്‍ നല്‍കുവാന്‍ കഴിയാത്ത സാഹചര്യം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കാരം നടത്താന്‍ അടുത്ത ബന്ധുക്കള്‍ ഇല്ല എന്ന് അറിഞ്ഞ സാഹചര്യത്തില്‍ എം.എല്‍.എ വീണ്ടും തയ്യാറാവുകയായിരുന്നു.
സംസ്‌കാരച്ചിലവും എം.എല്‍.എ തന്നെയാണ് നല്‍കിയതെന്നും അറിയുന്നു. എം.എല്‍.എ രണ്ട് തവണ പി.പി.ഇ കിറ്റ് ഇട്ടു എന്നതല്ല ഇവിടത്തെ പ്രത്യേകത. കൊവിഡ് കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ക്കൊപ്പം തന്നെ അകാരണമായ ഭീതിയും അതോടൊപ്പം സ്റ്റിഗ്മയും എത്തിയിട്ടുണ്ട് ഇവിടെ. മാനദണ്ഡങ്ങള്‍ പാലിച്ച് ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങുന്നത് ഒരു പരിധി വരെ അവയ്ക്കൊക്കെ വിരാമമിടാന്‍ സഹായിക്കുകയും ചെയ്യും. ആശംസകള്‍ ?