പൊന്നാമറ്റം കുടുംബത്തിന് ദോഷമെന്ന് ജോത്സ്യന്‍ പറഞ്ഞു; ജോളി അയല്‍ക്കാരെയും നാട്ടുകാരെയും പറഞ്ഞ് വിശ്വസിപ്പിച്ചതിങ്ങനെ
കോഴിക്കോട്: പൊന്നാമറ്റം വീടിന്റെ ദോഷം കൊണ്ടാണ് ഇടയ്ക്കിടെ മരണങ്ങള്‍ സംഭവിക്കുന്നതെന്ന് ജോളി നാട്ടുകാരേയും അയല്‍ക്കാരേയും അറിയിക്കാന്‍ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. പൊന്നാമറ്റം വീട്ടില്‍ കൂടുതല്‍ കുടുംബാംഗങ്ങള്‍ മരിക്കുമെന്ന് ജ്യോത്സ്യന്‍ പ്രവചിച്ചിരുന്നതായി ജോളി തങ്ങളോട് പറഞ്ഞിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. മൂന്നില്‍ കൂടുതല്‍ പേര്‍ മരിക്കുമെന്നാണ് ജോളി തങ്ങളെ വിശ്വസിപ്പിച്ചിരുന്നതെന്നും ഇവര്‍ ഒരു സ്വകാര്യ മാധ്യമത്തോട് വെളിപ്പെടുത്തി.
കുടുംബാംഗങ്ങളുടെ മരണത്തില്‍ ജോളിക്കു പങ്കുണ്ടോയെന്ന് നേരത്തേ സംശയം തോന്നിയിരുന്നുവെന്നും അയല്‍വാസികളായ ആയിഷയും ഷാഹുല്‍ ഹമീദും പറയുന്നു. അന്നമ്മ മരിച്ചപ്പോള്‍ വീടിനു ദോഷമുണ്ട് പരിഹാരം ചെയ്യണമെന്നു പറഞ്ഞ ജോളി മൂന്നു പേരുടെയും മരണത്തിനു ശേഷം വീടും സ്വത്തുക്കളുമെല്ലാം തന്റേതാണെന്ന രീതിയില്‍ നടത്തിയ പെരുമാറ്റവും മറ്റുമാണ് സംശയത്തിലേക്ക് നയിച്ചതെന്നും ഇവര്‍ പറയുന്നു.
ജോളിക്ക് എന്‍ഐടിയില്‍ ജോലിയില്ലെന്ന് നേരത്തെ രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നതായും പല ആളുകളോടും പല തരത്തിലാണ് തന്റെ വിദ്യാഭ്യാസ യോഗ്യതകളെ കുറിച്ചു പറഞ്ഞിരുന്നത് സംശയമുണര്‍ത്തിയതായും ഇവരുടെ മൊഴിയിലുണ്ട്. ഇതിലൊക്കെ നേരത്തെ സംശയം തോന്നിയിരുന്നു. കല്ലറ തുറന്ന ദിവസം ജോളി പരിഭ്രാന്തയായി. കല്ലറ തുറന്നതോടെ താന്‍ ജയിലില്‍ പോകാന്‍ സാധ്യതയുണ്ടെന്നും മക്കളെ ജീവിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടതായും അയല്‍വാസിയായ അലി പറയുന്നു.