കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ വിമാനത്താവളം തുറക്കുമെന്നായിരുന്നു നേരത്തേ നല്‍കിയ അറിയിപ്പ്. എന്നാല്‍ മധ്യകേരളത്തില്‍ മഴ കുറഞ്ഞതിനാല്‍ രണ്ട് മണിക്കൂര്‍ നേരത്തേ തന്നെ തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വെള്ളം നീക്കാനും, റണ്‍വേ അടക്കം വൃത്തിയാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്തായിരുന്നു വിമാനത്താവളം തുറക്കുന്നത് നീട്ടിയത്. എന്നാല്‍ വലിയ പ്രതികൂല കാലാവസ്ഥ ഇല്ലാതിരുന്നതിനാലാണ് വിമാനത്താവളം നേരത്തേ തുറക്കാന്‍ തീരുമാനിച്ചെന്ന് സിയാല്‍ അറിയിച്ചു. കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് എട്ടാം തീയതിയാണ് വിമാനത്താവളം അടച്ചത്.
വിമാനത്താവളത്തിന്റെ പിറക് വശത്തുള്ള ചെങ്കല്‍ചോട്ടില്‍ ജലവിതാനം ഉയര്‍ന്നതാണ് വിമാനത്താവളം അടച്ചിടാനുള്ള പ്രധാന കാരണം. ചെങ്കല്‍ചോട്ടില്‍ ജലവിതാനം ഉയരുകയും വിമാനത്താവളത്തിലേക്ക് വെള്ളം കയറുകയും ചെയ്ത സാഹചര്യത്തിലാണ് വിമാനത്താവളം അടച്ചിടാന്‍ സിയാല്‍ തീരുമാനിച്ചത്.