സി.ഐ നവാസിന്റെ തിരോധാനം: നിര്‍ണായക വിവരങ്ങള്‍ പുറത്ത്
കൊച്ചി: എറണാകുളം സെന്‍ട്രല്‍ സി.ഐ നവാസിന്റെ തിരോധാനത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. താന്‍ ഒരു യാത്ര പോകുകയാണെന്നും ഭാര്യയ്ക്ക് സുഖമില്ലാത്തതിനാല്‍ അമ്മയെ ക്വാര്‍ട്ടേഴ്സിലേയ്ക്ക് അയക്കണമെന്നുമുള്ള ബന്ധുവിനയച്ച വാട്‌സ് ആപ്പ് സന്ദേശം അയച്ച ശേഷമാണ് നവാസിനെ കാണാതാകുന്നത്.
അതേസമയം സി ഐ നവാസ് കെ.എസ്.ഇ.ബി. വിജിലന്‍സില്‍ ജോലിചെയ്യുന്ന പോലീസുകാരന്റെ വാഹനത്തില്‍ കായംകുളത്ത് എത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബസില്‍ വെച്ച് നവാസിനെ കണ്ട പോലീസുകാരന്‍ ചേര്‍ത്തലയില്‍ നിന്ന് കായംകുളത്തേക്ക് വാഹനത്തില്‍ ഒപ്പം കൂട്ടുകയായിരുന്നു. എന്നാല്‍ കോടതി ആവശ്യത്തിന് പോകുന്നുവെന്നാണ് ഇദ്ദേഹം പോലീസുകാരനോട് പറഞ്ഞത്.
നവാസ് കായംകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതിലാലും സിം കാര്‍ഡ് മാറ്റിയതിനാലും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടി. നവാസിനെ കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമം പുരോഗമിക്കുകയാണ്. ഇതിനായി മൂന്നു സംഘങ്ങളെ കൂടാതെ ഓരോ ജില്ലയിലും സ്‌പെഷ്യല്‍ ബ്രാഞ്ചിനെക്കൂടി ഉള്‍പ്പെടുത്തി പ്രത്യേക ടീമിനെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.
എറണാകുളം അസിസ്റ്റന്റ് കമ്മീഷണറുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ നവാസിനുണ്ടായിരുന്നതായാണ് വിവരം. ഇതുസംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. നവാസ് 10,000 രൂപയോളം എടിഎമ്മില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്. താന്‍ 10 ദിവസത്തെ ഒരു യാത്രയ്ക്ക് പോവുകയാണെന്ന് നവാസ് പോലീസ് ഡ്രൈവറോട് പറഞ്ഞിരുന്നു. വ്യാഴാഴ്ച രാവിലെ മുതല്‍ നവാസിനെ കാണാനില്ലെന്നാണ് ഭാര്യ പോലീസില്‍ നല്‍കിയിരിക്കുന്ന പരാതി.