KeralaNews

52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന നവകേരള ഗീതാഞ്ജലി; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെര്‍ച്വല്‍ സംഗീതാവിഷ്‌കാരം

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയുടെ ഭാഗമായി മഹാന്മാരും പ്രശസ്തരുമായ 52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന നവകേരള ഗീതാഞ്ജലി സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സ്‌ക്രീനില്‍ ഇന്ന് ഉച്ചയ്ക്ക് 2.50 മുതല്‍ പ്രദര്‍ശിപ്പിക്കും.

ഡോ. കെ.ജെ. യേശുദാസ്, എ.ആര്‍. റഹ്മാന്‍, ഹരിഹരന്‍, പി.ജയചന്ദ്രന്‍, കെ.എസ്. ചിത്ര, സുജാത, എം.ജി ശ്രീകുമാര്‍, അംജത് അലിഖാന്‍, ഉമയാള്‍പുരം ശിവരാമന്‍, ശിവമണി, മോഹന്‍ലാല്‍, ജയറാം, കരുണാമൂര്‍ത്തി, സ്റ്റീഫന്‍ ദേവസി, ഉണ്ണിമേനോന്‍, ശ്രീനിവാസ്, ഉണ്ണികൃഷ്ണന്‍, വിജയ് യേശുദാസ്, മധുബാലകൃഷ്ണന്‍, ശ്വേതാമോഹന്‍, ഔസേപ്പച്ചന്‍, എം. ജയചന്ദ്രന്‍, ശരത്, ബിജിബാല്‍, രമ്യാനമ്പീശന്‍, മഞ്ജരി, സുധീപ്കുമാര്‍, നജിം അര്‍ഷാദ്, ഹരിചരന്‍, മധുശ്രീ, രാജശ്രീ, കല്ലറ ഗോപന്‍, അപര്‍ണ രാജീവ്, വൈക്കം വിജയലക്ഷ്മി, സിതാര, ഹരികൃഷ്ണന്‍ എന്നിവരടക്കം ചലച്ചിത്രരംഗത്തെ പ്രമുഖരാണ് തുടര്‍ഭരണത്തിന് സംഗീതത്തിലൂടെ ഭാവുകമേകുന്നത്. സമര്‍പ്പാവതരണം നടത്തുന്നത് മമ്മൂട്ടിയാണ്.

ഇ.എം.എസ് മുതല്‍ പിണറായി വിജയന്‍ വരെയുള്ളവര്‍ നയിച്ച സര്‍ക്കാരുകള്‍ എങ്ങനെ കേരളത്തെ മാറ്റുകയും വളര്‍ത്തുകയും ചെയ്തു എന്ന് വിളംബരം ചെയ്യുന്നതാണ് സംഗീത ആല്‍ബം. ഇത്രയധികം ഗായകരും സംഗീതജ്ഞരും പങ്കാളികളാകുന്ന ഒരു സംഗീത ആല്‍ബം മലയാളത്തില്‍ ആദ്യത്തേതാണ്.

പ്രസിദ്ധ ചലച്ചിത്ര സംവിധായകന്‍ ടി.കെ. രാജീവ്കുമാറാണ് ആശയാവിഷ്‌കാരം നിര്‍വഹിച്ചത്. രമേശ് നാരായണന്‍ സംഗീതം ചിട്ടപ്പെടുത്തി. മണ്‍മറഞ്ഞ കവികളുടേതിന് പുറമെ പ്രഭാവര്‍മ്മ, റഫീഖ് അഹമ്മദ് എന്നിവരുടെ വരികളും ഉപയോഗിച്ചു. ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും കേരള മീഡിയ അക്കാദമിയുമാണ്.

രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന് വൈകുന്നേരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 17 പുതുമുഖങ്ങളടക്കം 21 പേരടങ്ങിയ മന്ത്രിസഭാ വൈകുന്നേരം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്യുക. ഗവര്‍ണര്‍ ആരിഫ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം ആദ്യ മന്ത്രിസഭാ യോഗം സെക്രട്ടറിയേറ്റില്‍ നടക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker