ന്യൂഡല്‍ഹി: നിസാമുദ്ദീനില്‍ തബ്ലീഗ് ജമാ അത്ത് സമ്മേളനത്തില്‍ പങ്കെടുത്തു കോവിഡ് പിടിപെട്ടവര്‍ക്കെതിരേ ദേശ സുരക്ഷാനിയമം (എന്‍എസ്എ) ചുമത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതുസംബന്ധിച്ചു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ഡല്‍ഹിയില്‍ സമ്മേളനത്തിനെത്തിയവരില്‍ നൂറുകണക്കിനു പേര്‍ക്കു കോവിഡ് ബാധയുണ്ടെന്നു സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ പലരെയും ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ആശുപത്രിയിലാണു താമസിപ്പിച്ചിരിക്കുന്നത്.
<p>ഇവര്‍ നഴ്‌സുമാരെ മര്‍ദിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവര്‍ക്കെതിരേയാണു യോഗി സര്‍ക്കാര്‍ എന്‍എസ്എ പ്രയോഗിക്കാന്‍ ഒരുങ്ങുന്നത്. പുരുഷന്‍മാര്‍ മരുന്ന് കഴിക്കുന്നില്ലെന്നും ഉദ്യോഗസ്ഥരോടു മോശമായി പെരുമാറുന്നുവെന്നും ചൂണ്ടിക്കാട്ടി ഐസൊലേഷന്‍ വാര്‍ഡിലെ നഴ്‌സുമാരും മെഡിക്കല്‍ സ്റ്റാഫും ജില്ലാ ആശുപത്രി ചീഫ് മെഡിക്കല്‍ സൂപ്രണ്ടിനു കത്തയച്ചിരുന്നു.</p>
<p>ഇതിനു പിന്നാലെയാണു മുഖ്യമന്ത്രിയുടെ എന്‍എസ്എ മുന്നറിയിപ്പ്. കുറ്റപത്രം ചുമത്താതെ ഒരു വര്‍ഷം വരെ ജയിലില്‍ അടയ്ക്കാവുന്ന കടുത്തനിയമമാണ് ഇവര്‍ക്കെതിരെ ചുമത്തുക. നിസാമുദീനിലെ മര്‍ക്കസ് പള്ളിയില്‍ കഴിഞ്ഞ മാസം നടന്ന സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഗാസിയാബാദിലുള്ള 136 പേര്‍ക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തിയിരുന്നു.</p>