EntertainmentNewsUncategorized

ചലച്ചിത്ര പുരസ്‌കാരത്തിന് പിന്നാലെ ട്രോള്‍പൂരം!

കൊച്ചി:ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടിയ്ക്കുള്ള അവാർഡ് കങ്കണയ്ക്ക് കിട്ടിയതോടെ ട്രോളന്മാർ പണിതുടങ്ങിയിരിക്കുകയാണ്. അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ സംഘപരിവാര്‍ പ്രചാരകനും സംവിധായകനുമായ അലി അക്ബറിനും കിട്ടി ട്രോളുകൾ.

വലതുപക്ഷ അനുഭാവികളായ അനര്‍ഹര്‍ക്ക് അവാര്‍ഡ് നല്‍കിയെന്നും അടുത്ത തവണ അലി അക്ബര്‍ അംഗീകാരങ്ങള്‍ വാരിക്കൂട്ടുമെന്നും ട്രോളന്‍മാര്‍ പരിഹസിക്കുന്നു. മികച്ച നടിയായി കങ്കണ റാണാവത്തിനെയും , മികച്ച സംഭാഷണത്തിനുള്ള പുരസ്‌കാരം വിവേക് അഗ്നിഹോത്രിക്കും കൊടുത്തതാണ് ഇത്രയധികം ട്രോളിന് കാരണമായിരിക്കുന്നത്.

അടുത്തിടെയായി വാർത്താ തലക്കെട്ടുകയിൽ സ്ഥിരം വരുന്ന പേരാണ് കങ്കണയുടേത്. പരസ്യമായി സംഘപരിവാര്‍ നിലപാടുകള്‍ വ്യക്തമാക്കുകയും ചെയ്യാറുണ്ട് കങ്കണ . കര്‍ഷക സമരം ഉള്‍പ്പെടെ ബിജെപി സര്‍ക്കാരിനെതിരായി ഉയര്‍ന്നുവന്ന പ്രക്ഷോപങ്ങളെ അധിക്ഷേപിച്ചു കങ്കണ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.തീവ്ര വലതുപക്ഷ നിലപാടുകള്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നെങ്കിലും ഇക്കാര്യങ്ങളൊന്നും തിരുത്താതെ മുന്നോട്ടുപോകുന്ന കങ്കണയെ ബിജെപി സഹായിക്കുന്നത് സ്വഭാവികം മാത്രമാണെന്നാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്ന ആരോപണം.

ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനിലെ പഠന ശേഷം വലതു രാഷ്ട്രീയ സംഘടനകളുടെ മാധ്യമ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച വ്യക്തിയെന്നാണ് വിവേകിനെ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്. ഉന്നത സ്ഥാപനത്തിലെ പഠന മികവ് ബിജെപിയുടെ ഐടി സെല്ലിന് വേണ്ടി ഉപയോഗിക്കാനാണ് വിവേക് ശ്രമിച്ചതെന്നും ആരോപണമുയരുന്നുണ്ട് . നേരത്തെ ‘അര്‍ബന്‍ നക്‌സല്‍’ എന്ന പ്രയോഗം കൊണ്ടുവന്നത് വിവേകാണെന്നും ചിലര്‍ ആരോപിക്കുന്നു.

ഇത്തരത്തില്‍ സംഘപരിവാറിനോട് ഏറെ ചേര്‍ന്നു നില്‍ക്കുന്നവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കാന്‍ ബിജെപി ശ്രമിക്കാറുണ്ട്. ഈ പ്രവണത തുടര്‍ന്നാല്‍ അടുത്ത തവണ അലി അക്ബറിന്റെ ചിത്രത്തിന് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടാമെന്നും ട്രോളന്മാര്‍ പരിഹസിക്കുന്നു. സംഘപരിവാറിനെ എതിർക്കുന്നവർക്ക് ഇൻകം ടാക്സ് റെയ്ഡും അനുകൂലിക്കുന്നവർക്ക് അവാർഡും എന്ന നിലയിലായിരിക്കുകയാണെന്നും ആരോപണമുണ്ട്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ‘വാരിയംകുന്നന്‍’ എന്ന സിനിമ സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന്‍ അലി അക്ബര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ ഒരുക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ നിര്‍മ്മാണത്തിനായി മമധര്‍മ്മ എന്ന ക്രൗഡ് ഫണ്ടിംഗ് ക്യാംപെയ്‌നും അലി നടത്തി.

വയനാട്ടിലാണ് നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. 30 ദിവസം നീണ്ടതാണ് വയനാട്ടിലെ ആദ്യ ഷെഡ്യൂള്‍. മൂന്ന് ഷെഡ്യൂളുകളായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക എന്ന് നേരത്തെ അറിയിച്ചിരുന്നു. സിനിമക്ക് വേണ്ട പൈസ താന്‍ ഭിക്ഷ യാചിക്കുക തന്നെയാണെന്നും അത് ക്ഷേത്രത്തിലേക്ക് കൊടുക്കുന്നത് പോലെയാണെന്നും അലി അക്ബര്‍ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button