ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തിലെത്തും. കോന്നിയിലും തിരുവനന്തപുരത്തുമാണ് മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മത്സരിക്കുന്ന കോന്നിയിലാണ് പ്രധാനമന്ത്രി ആദ്യമെത്തുക. ഉച്ചയ്ക്ക് 1.15നാണ് കോന്നി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ സമ്മേളനത്തില്‍ മോദി പങ്കെടുക്കുന്നത്. 2.05ന് കന്യാകുമാരിയിലേക്ക് പോകും.
വൈകുന്നേരത്തോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി അഞ്ചിന് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബ് സ്റ്റേഡിയത്തിലെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. മഹാറാലിക്കുശേഷം വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി പ്രത്യേവിമാനത്തില്‍ ഡല്‍ഹിക്ക് മടങ്ങും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് പത്തനംതിട്ട നഗരം. കേന്ദ്ര സേനകള്‍ക്ക് പുറമേ 1400 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. രാവിലെ 11മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ ഗതാഗത നിയന്ത്രണമുണ്ടാകും. പ്രധാനമന്ത്രി എത്തിച്ചേരുന്ന പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയം മുതല്‍ പരിപാടി നടക്കുന്ന പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയംവരെയുള്ള റൂട്ടില്‍ പരമാവധി യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്.
പ്രധാനമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട് മൂന്ന് ഹെലിപാഡുകളാണ് ജില്ലാ സ്റ്റേഡിയത്തില്‍ തയ്യാറാക്കിയിരിക്കുന്നത്. ജില്ലാ സ്റ്റേഡിയത്തില്‍ മണ്ണിട്ട് ഉറപ്പിച്ച് കോണ്‍ക്രീറ്റ് ചെയ്താണ് ഹെലിപാഡുകള്‍ തയ്യാറാക്കിയത്. സ്റ്റേഡിയത്തിന് ചുറ്റും സുരക്ഷാ വേലിയും ക്രമീകരിച്ചു. പത്തനംതിട്ട ജില്ലയിലെ അഞ്ച് മണ്ഡലങ്ങള്‍ക്ക് പുറമേ ചെങ്ങന്നൂര്‍, മാവേലിക്കര, പത്തനാപുരം, കൊട്ടാരക്കര മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും വിജയ് റാലിയില്‍ പങ്കെടുക്കും.
ആഭ്യന്തര മന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡ, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ കേരളത്തില്‍ പ്രചാരണത്തിനെത്തിയിരുന്നു.