ബംഗളൂരു: ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് ശാസ്ത്രജ്ഞന്മാരെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനു ശേഷം മടങ്ങാന്‍ തുടങ്ങിയ പ്രധാനമന്ത്രിയ്ക്ക് മുന്നില്‍ വികാരാധീനനായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍. നിറകണ്ണുകളോടെ യാത്രയാക്കാനെത്തിയ ശിവനെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയത്.
പ്രസംഗത്തിനു ശേഷം അവിടെ കൂടിയിരുന്ന എല്ലാ ശാസ്ത്രജ്ഞന്മാരെയും വ്യക്തിപരമായി കണ്ട് ഹസ്തദാനം നല്‍കിയ പ്രധാനമന്ത്രി തിരികെ പോകാനായി വാഹനത്തിലേക്ക് നടക്കവേയാണ് ശിവന്‍ അദ്ദേഹത്തിനരികിലേക്ക് വന്നത്. സംസാരിക്കുന്നതിനിടെ വിതുമ്പിപ്പോയ അദ്ദേഹത്തെ ചേര്‍ത്തു പിടിച്ച് പ്രധാനമന്ത്രി ആശ്വസിപ്പിക്കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ 1.52.54ന് വിക്രം ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഒരു മണിക്കൂറിനടുത്ത് സമയമായിട്ടും ലാന്‍ഡറില്‍ നിന്നും സിഗ്‌നലുകള്‍ ലഭിച്ചിട്ടില്ല. ഇതെ തുടര്‍ന്ന് ശാസ്ത്രലോകം ആശങ്കയിലായി. 2.1 കിമി ഓള്‍ട്ടിട്യൂട് വരെ സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായിരുന്നു. എന്നാല്‍ അതിന് ശേഷം ആശയവിനിമയം നഷ്ടപ്പെട്ടു. ലാന്‍ഡറില്‍ നിന്നും ഗ്രൗണ്ട് സ്റ്റേഷനിലേക്കുള്ള ആശയവിനിമയം നിലച്ചു.
നിലവില്‍ വിക്രം ലാന്‍ഡറില്‍ നിന്നും ഓര്‍ബിറ്ററിലേക്കുള്ള ഡേറ്റ ഐഎസ്ആര്‍ഒ വിശകലനം ചെയ്യുകയാണ്. ചാന്ദ്ര ദൗത്യം വിജയത്തിലേറുന്നതിന് സാക്ഷ്യം വഹിക്കാനെത്തിയ എല്ലാവര്‍ക്കും ഐഎസ്ആര്‍ഒ നന്ദി അറിയിച്ചു. ലാന്‍ഡറില്‍ നിന്നുള്ള സിഗ്നല്‍ നഷ്ടപ്പെട്ടതോടെ ഐഎസ്ആര്‍ഒ വിഷയം പരിശേധിച്ചുകൊണ്ടിരിക്കുകയാണ്.