തിരുവനന്തപുരം:കേരളത്തിന്റെ മതസൗഹാർദം സംരക്ഷിക്കപ്പെടണമെന്ന് തിരുവനന്തപുരത്ത് ചേർന്ന വിവിധ മതനേതാക്കന്മാരുടെ യോഗം ആഹ്വാനം ചെയ്തു. ബിഷപ്പിന്റെ പരാമർശം ശരിയോ തെറ്റോ എന്ന് യോഗം ചർച്ച ചെയ്തില്ലെന്നും നിലവിലെ പ്രത്യേക സാഹചര്യത്തിൽ സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്നും ക്ലിമ്മിസ് കാതോലിക്ക ബാവയും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ഉൾപ്പടെയുള്ള മത നേതാക്കൾ ആവശ്യപ്പെട്ടു.
മയക്കുമരുന്നിനെ കുറിച്ച് പറയാൻ മയക്കുമരുന്ന് എന്ന വാക്ക് തന്നെ ഉപയോഗിക്കുന്നതാണ് ഉചിതമെന്ന് യോഗം വിളിച്ച് ചേർത്ത ക്ലിമ്മിസ് കാതോലിക്ക ബാവ പറഞ്ഞു. മതസമൂഹങ്ങൾ തമ്മിലുള്ള ആത്മബന്ധം ഒരു കാരണവശാലും നഷ്ടപ്പെടാൻ പാടില്ല. സാമുദായിക ഐക്യം സംരക്ഷിക്കപ്പെടണം. അതിനായി ഇതര മതനേതാക്കന്മാർ ഒത്തുചേരുന്ന ഫോറങ്ങൾ പ്രാദേശികമായി ഉണ്ടാവണം. മതസൗഹാർദവും സഹവർത്തിത്തവുമാണ് ഏറ്റവും പ്രാധാന്യത്തോടെ കാണേണ്ടത്. ഇതര സമുദായങ്ങൾക്ക് മുറിവേൽക്കാതിരിക്കാനും ബഹുമാനത്തോടെ അവരെ കാണുന്നതിനുമുള്ള സവിശേഷമായ ശ്രദ്ധ എല്ലാവരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകണം. മത-ആത്മീയ മേഖലകളിൽ പ്രവർത്തിക്കുന്നവർ ഈ വിഷയത്തിൽ പ്രത്യേകിച്ചും ശ്രദ്ധ പുലർത്തണം.
ആരെയെങ്കിലും പ്രത്യേകമായി അപലപിക്കാനോ ന്യായീകരിക്കാനോ അല്ല യോഗം ചേർന്നത്. കേരളത്തിൽ മതസൗഹാർദം ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങൾക്ക് യോഗത്തിൽ പങ്കെടുത്ത എല്ലാവരും പൂർണ പിന്തുണ പ്രഖ്യാപിച്ചു. പാലാ ബിഷപ്പിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ ഉണ്ടായ പ്രത്യേക സാഹചര്യത്തിൽ ആണ് യോഗം ചേർന്നത്. പക്ഷെ ബിഷപ്പിന്റെ പ്രസ്താവന ശരിയോ തെറ്റോ എന്നതല്ല യോഗത്തിൽ ചർച്ചയായ വിഷയം. ചങ്ങനാശേരി ആർച്ച് ബിഷപ്പ് യോഗത്തിൽ പങ്കെടുക്കുന്നതിന് അസൗകര്യം അറിയിച്ചിരുന്നുവെന്നും ക്ലിമ്മിസ് കാതോലിക്ക ബാവ വ്യക്തമാക്കി.
പാലാ ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് ശേഷം ഉണ്ടായ സാമൂഹിക സാഹചര്യങ്ങൾ വിലയിരുത്തി എങ്ങനെ ഈ മുറിവുകൾ ഉണക്കാൻ കഴിയും എന്നാണ് യോഗത്തിൽ ചർച്ച നടന്നതെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങൾ ഒരുമിച്ചിരുന്ന് പരിഹരിക്കുക എന്ന ലക്ഷ്യത്തിലാണ് ബഹുമാനപ്പെട്ട തിരുമേനി യോഗം വിളിച്ച് ചേർത്തത്. പാണക്കാട് കുടുംബത്തെ പ്രതിനിധീകരിച്ചാണ് യോഗത്തിൽ പങ്കെടുത്തത്. സമസ്ത ഉൾപ്പടെയുള്ള സംഘടനയുടെ പിന്തുണയോടെയാണ് യോഗം നടന്നത്. സമൂഹത്തിന്റെ താഴേത്തട്ടിലാണ് മതപരമായ വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നത്. അതിനാൽ പ്രാദേശികമായി ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെടാൻ ഉള്ള ഫോറം ഉണ്ടാകണം. മതമൗലികവാദ മുന്നേറ്റങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.
ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്,കോഴിക്കോട് പാളയം ഇമാം ഡോ.ഹുസൈൻ മടവൂർ,ബിഷപ്പ് ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത,ബിഷപ് മാത്യൂസ് മാർ അന്തിമോസ്, തിരുവനന്തപുരം പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി, സ്വാമി സൂക്ഷ്മാനന്ദ, ആർച്ച് ബിഷപ് എം.സൂസപാക്യം, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സ്വാമി അശ്വതി തിരുനാൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.