KeralaNews

‘ഞാന്‍ ലൈംഗികത്തൊഴിലാളി’ സിനിമയാകുന്നില്ല; ‘എന്റെ ആണുങ്ങള്‍’ വെബ് സീരീസ് ആകും:നളിനി ജമീല

കൊച്ചി:ലൈംഗിക തൊഴിലാളിയും ആക്റ്റിവിസ്റ്റുമായ നളിനി ജമീലയുടെ ‘എന്റെ ആണുങ്ങള്‍’ എന്ന പുസ്തകം വെബ് സിരീസാകുന്നു. ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് നളിനി ജമീല വ്യക്തമാക്കി. എന്നാല്‍ തന്റെ ആത്മകഥ സിനിമയാക്കാനുള്ള കരാര്‍ ഉണ്ടെന്ന പ്രചാരണം വ്യാജമാണെന്ന് അവര്‍ വ്യക്തമാക്കി.

‘എന്റെ ആണുങ്ങള്‍’ വെബ് സിരീസ് ആക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നു. അതിനിടെ എന്റെ ആത്മകഥ സിനിമയാക്കുന്നതിന് കരാറുണ്ടെന്ന് ഒരാള്‍ പരക്കെ പറഞ്ഞു നടക്കുന്നതായി അറിഞ്ഞു. അങ്ങനെ കരാറില്ല. ഈ ദുഷ്പ്രചരണം തള്ളിക്കളയണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു,’ നളിനി ജമീല ഫേസ്ബുക്കില്‍ കുറിച്ചു.

മലയാളികളുടെ സ്ത്രീപുരുഷ ബന്ധങ്ങളെക്കുറിച്ചുള്ള സമീപനങ്ങളെ ചോദ്യം ചെയ്യുന്ന ‘ ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ’ യിലൂടെയാണ് നളിനി ജമീല പുസ്തകപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായത്. ‘എന്റെ ആണുങ്ങള്‍’, ‘ഒരു ലൈംഗിക തൊഴിലാളിയുടെ പ്രണയം’എന്നിവയാണ് നളിനി ജമീലയുടെ മറ്റ് പുസ്തകങ്ങള്‍.

തൃശൂരിലെ കല്ലൂര്‍ ഗ്രാമത്തില്‍ ജനിച്ച നളിനി 24 വയസ്സില്‍ ലൈംഗികത്തൊഴിലാളിയായി. 2000-ല്‍ കേരളത്തിലെ ലൈംഗിക തൊഴിലാളികളുടെ സംഘടനയായ ”കേരള സെക്സ് വര്‍ക്കേഴ്സ് ഫോറ”ത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. 2001-മുതല്‍ അതിന്റെ കോര്‍ഡിനേറ്റര്‍.

‘ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ” സമൂഹത്തില്‍ വന്‍ ചലനം സൃഷ്ടിച്ചു. ‘എനിക്ക് 51 വയസ്സുണ്ട്, ഞാന്‍ ഒരു ലൈംഗിക തൊഴിലാളി ആയി തുടരാന്‍ ആഗ്രഹിക്കുന്നു” എന്നാണ് ആത്മകഥ തുടങ്ങുന്നത്. മൂന്നാം ക്ലാസ് വരെ മാത്രം പഠിച്ച നളിനി ജമീല ഐ. ഗോപിനാഥ്എന്ന സാമൂഹിക പ്രവര്‍ത്തകന്റെ സഹായത്തോടെ രചിച്ച ഈ കൃതി പ്രസിദ്ധീകരിച്ച് 10 ദിവസത്തിനുള്ളില്‍ 2000 കോപ്പികള്‍ വിറ്റു. പിന്നിട് ഇത് ‘ഞാന്‍ ലൈംഗികത്തൊഴിലാളി’ എന്ന പുസ്തകമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button