കോയമ്പത്തൂര്‍: ജാതിമാറി വിവാഹം ചെയ്തതിന്റെ പേരില്‍ തൂത്തുക്കുടിയില്‍ ഗര്‍ഭിണിയായ യുവതിയേയും നവവരനേയും വെട്ടിക്കൊന്നു. പെരിയാര്‍ നഗര്‍ കോളനിയിലാണു സംഭവം. വീടിനു പുറത്തെ കട്ടിലില്‍ ഇരുവരും ഉറങ്ങിക്കിടക്കുമ്പോഴാണ് കൊടുംക്രൂരത അരങ്ങേറിയത്. പെരിയാര്‍ നഗര്‍ കോളനി തിരുമണിയുടെ മകന്‍ ചോലൈരാജ (23), പല്ലാങ്കുളം അഴകറുടെ മകള്‍ ചേച്ചിയമ്മാള്‍ എന്ന ജ്യോതി (20) എന്നിവരാണ് കൊലചെയ്യപ്പെട്ടത്. ചോലൈരാജയുടെ വീട്ടില്‍വെച്ചായിരുന്നു സംഭവം.
വ്യാഴാഴ്ച രാവിലെ ആറോടെ വീടിനു പുറത്തിറങ്ങിയ ചോലൈരാജയുടെ അമ്മ മുത്തുമാരിയാണ് മകനും ഭാര്യയും കഴുത്തും കൈകാലുകളും അറ്റനിലയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നതു കണ്ടത്. മുത്തുമാരിയുടെ നിലവിളികേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയാണ് പോലീസില്‍ വിവരം അറിയിച്ചത്. തൂത്തുക്കുടി എസ്.പി അരുണ്‍ ബാലഗോപാലന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തി. കുറ്റവാളികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാര്‍ ഉപരോധിച്ചു. കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്ന പൊലീസിന്റെ ഉറപ്പിലാണ് ഉപരോധം അവസാനിച്ചത്.
ചോലൈരാജയെ വിവാഹം ചെയ്യാനുള്ള ജ്യോതിയുടെ തീരുമാനത്തെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു. പലതവണ ചോലൈരാജയുടെ വീട്ടിലെത്തി അമ്മ മുത്തുമാരിയെ ജ്യോതിയുടെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കൊല. ഇക്കാരണത്താല്‍ കൊലപാതകത്തിനു പിന്നില്‍ ജ്യോതിയുടെ വീട്ടുകാരായിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു. ജ്യോതിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മൂന്നുമാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്. രണ്ടുപേരും ഉപ്പുനിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുന്നവരായിരുന്നു. അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഇരുവിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ചോലൈരാജ പറയര്‍ വിഭാഗത്തിലും ജ്യോതി പല്ലര്‍ വിഭാഗത്തിലുമാണ്. പ്രതികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. ദുരഭിമാനക്കൊല തടയാന്‍ പൊലീസ് ഊര്‍ജിതമായി ഇടപെടണമെന്ന് സി.പി.ഐ.എം തമിഴ്നാട് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.