തിരുവനന്തപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ കൊലപാതകം: അയല്‍വാസികള്‍ പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ കൊലപാതകത്തില്‍ അയല്‍വാസികള്‍ അറസ്റ്റില്‍. തിരുവനന്തപുരത്തെ വട്ടപ്പാറയിലെ വീട്ടമ്മ സുശീല(65)യെ മൂന്നുമാസം മുമ്പാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അയല്‍വാസികളായ സാജന്‍, സന്ദീപ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. രണ്ടു യുവാക്കളും ചേര്‍ന്ന് മോഷണത്തിനിടെ വീട്ടമ്മയെ കൊലപ്പെടുത്തുകയായിരുന്നു.
12 വര്‍ഷമായി ഇവര്‍ ഒറ്റക്കായിരിന്നു താമസം. ഇവരുടെ രണ്ട് ആണ്‍മക്കള്‍ മറ്റ് സ്ഥലങ്ങളിലാണ് താമസം. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടാത്തതിനെ തുടര്‍ന്ന് മകന്‍ വന്നപ്പോഴാണ് വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതും
തുടര്‍ന്ന് വട്ടപ്പാറ പോലീസില്‍ വിവരമറിയിക്കുന്നതും.
പോലീസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ മുന്‍വശത്തെ കതക് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഡോര്‍ കുത്തിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ജീര്‍ണ്ണിച്ച നിലയില്‍ വീട്ടമ്മയുടെ മൃതദേഹം കാണുന്നത്. കഴുത്തില്‍ കുരുക്കിട്ടതിന്റെ പാടുകള്‍ ഉണ്ടായിരുന്നു. നിലത്ത് മുളക് പൊടിയും വിതറിയിരുന്നു. മൃതദേഹത്തിന് ഏകദേശം നാല് ദിവസത്തെ പഴക്കമുണ്ടായിരിന്നു. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസും റൂറല്‍ ഷാഡോ പൊലീസും ചേര്‍ന്നാണ് കേസ് അന്വേഷിക്കുന്നത്.