തിരുവനന്തപുരം: സംഘടനാപരമായ വിഷയങ്ങളില്‍ പരസ്യപ്രസ്താവന നടത്തരുതെന്ന എ.ഐ.സി.സിയുടെ നിര്‍ദ്ദേശം എല്ലാവരും പാലിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എല്ലാവര്‍ക്കും പാര്‍ട്ടി വേദികളില്‍ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ പരസ്യപ്രസ്താവന നടത്തരുതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പൂര്‍ണമായും അനുവദിക്കുന്ന പ്രസ്ഥാനം എന്ന നിലയില്‍ പാര്‍ട്ടി വേദികളില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. പാര്‍ട്ടിയെ സ്നേഹിക്കുന്നവരാരും പരസ്യപ്രസ്താവന നടത്തരുത്. സംഘടനാപരമായ വിഷയങ്ങളില്‍ പരസ്യപ്രസ്താവന നടത്തരുതെന്ന എ.ഐ.സി.സിയുടെ നിര്‍ദേശം എല്ലാവരും പാലിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
സംഘടനാ വിഷയത്തില്‍ സോണിയാ ഗാന്ധിക്ക് കത്ത് നല്‍കിയ ശശി തരൂരിനെ ചൊല്ലി സംസ്ഥാന കോണ്‍ഗ്രസില്‍ വാക്‌പോര് രൂക്ഷമായ സാഹചര്യത്തിലാണ് പരസ്യ പ്രസ്തവന വിലക്കി മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയത്. വിശ്വ പൗരന്‍ ആണെന്ന് കരുതി എന്തും പറയരുതെന്നാണ് കൊടിക്കുന്നില്‍ സുരേഷ് തരൂരിനെ വിമര്‍ശിച്ചത്. അതേസമയം തരൂരിന് പിന്തുണയുമായി പി.ടി തോമസും കെ.എസ് ശബരീനാഥനും രംഗത്തെത്തിയിരുന്നു.