മുംബൈ:ഇന്‍ഷുറന്‍സ് മേഖല ലക്ഷ്യമിട്ട് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 46-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ലൈഫ്, ജനറല്‍, ഹെല്‍ത്ത് ഉള്‍പ്പടെ വൈവിധ്യമാര്‍ന്ന ഇന്‍ഷുറന്‍സ് പോളിസികള്‍ കമ്പനി വാഗ്ദാനം ചെയ്യും. അതിനായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തയ്യാറാക്കും. മ്യൂച്വല്‍ ഫണ്ട് ബിസിനസ് ലക്ഷ്യമിട്ട് ജെഎഫ്എസും ബ്ലാക്ക്‌റോക്കുമായുള്ള സംയുക്ത സംരംഭവും അദ്ദേഹം പ്രഖ്യാപിച്ചു.
വിനായക ചതുര്‍ഥിയോടനുബന്ധിച്ച് സെപ്റ്റംബര്‍ 19ന് ജിയോ എയര്‍ ഫൈബര്‍ അവതരപ്പിക്കും. ജിയോ ഫൈബറിന് ഇതിനകം ഒരു കോടിയിലേറെ വരിക്കാരായതായും അദ്ദേഹം പറഞ്ഞു. വയര്‍ലെസ് ബ്രോഡ് ബാന്‍ഡ് സംവിധാനമായ ജിയോ എയര്‍ ഫൈബര്‍ വഴി പ്രതിദിനം 1.50 ലക്ഷം കണക്ഷനുകള്‍വരെ നല്‍കാനാണ് ലക്ഷ്യമിടുന്നത്. സ്മാര്‍ട്ട് ഹോം സേവനങ്ങളും ഇതോടൊപ്പം മുകേഷ് അംബാനി പ്രഖ്യാപിച്ചു.
ജിയോയുടെ വരിക്കാരുടെ എണ്ണം 45 കോടി പിന്നിട്ടു. പ്രതിവര്‍ഷം 20 ശതമാനമാണ് വര്‍ധന. ഡാറ്റ ഉപയോഗത്തിലും വര്‍ധനവുണ്ടായി. പ്രതിമാസം ശരാശരി ഉപയോഗം 25 ജി.ബിയിലധികമായി. രാജ്യത്തെ നഗരങ്ങളില്‍ 96 ശതമാനം ഇടങ്ങളിലും 5ജി സേവനം ലഭ്യമാണ്. ഈ വര്‍ഷം ഡിസംബറോടെ രാജ്യമൊട്ടാകെ 5ജി ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിലയന്‍സിന്റെ കയറ്റുമതി 33.4 ശതമാനം ഉയര്‍ന്ന് 3.4 ലക്ഷം കോടി രൂപയായി. രാജ്യത്തെ കയറ്റുമതിയുടെ 9.3 ശതമാനവും റിലയന്‍സിന്റേതാണ്. മറ്റേത് കമ്പനിയെക്കാളും ഉയര്‍ന്ന നിക്ഷേപമാണ് റിലയന്‍സ് രാജ്യത്ത് നടത്തിയിട്ടുള്ളതെന്നും അംബാനി പറഞ്ഞു. 12.50 ലക്ഷം കോടി രൂപയിലേറെയാണ് നിക്ഷേപം. മൊത്തം ജീവനക്കാരുടെ എണ്ണം 3.9 ലക്ഷമായി ഉയര്‍ന്നതായും അംബാനി പറഞ്ഞു.