കൊച്ചി: സിനിമ താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും സൂപ്പര്‍ കാറുകളിലെ മത്സരയോട്ടം സംബന്ധിച്ച് നിരവധി വിവാദങ്ങള്‍ ഉടലെടുത്തിരിന്നു. എറണാകുളം-കോട്ടയം റൂട്ടില്‍ ഇരുവരും പോര്‍ഷെയും ലംബോര്‍ഗിനിയുമായി മരത്സയോട്ടം നടത്തുന്നതിന്റെ വീഡിയോ സഹിതം പുറത്ത് വന്നിരിന്നു. അതേസമയം ആരോപണം തളളി രംഗത്ത് വന്നിരിക്കുയാണ് മോട്ടോര്‍ വാഹന വകുപ്പ്.
കഴിഞ്ഞ ഞായറാഴ്ച സമൂഹമാദ്ധ്യമങ്ങളില്‍ വന്ന വീഡിയോയില്‍ ഇരുവരുടെയും സൂപ്പര്‍ കാറുകളും ഒപ്പം ലംബോര്‍ഗിനിയില്‍ ആസിഫ് അലിയുടെ സുഹൃത്തായ അജു മുഹമ്മദും പ്രധാന പാതയിലൂടെ പോകുന്നത് കാണാം. എന്നാല്‍ ഇവരാണ് വാഹനം ഓടിച്ചതെന്ന് വീഡിയോയില്‍ കാണുന്നില്ല. പൃഥ്വിരാജിന്റെ കാര്‍ ലംബോര്‍ഗിനിയാണ്. ദുല്‍ഖറിന്റെ പോര്‍ഷെ കാര്‍ ഓടിച്ചിരുന്നത് ഡിജെയും നടനുമായ ശേഖര്‍ മേനോനായിരുന്നു.
6:05ന് കൊട്ടാരമുറ്റത്തെത്തിയ ഇവര്‍ മൂവരുടെയും കാറുകള്‍ 6:14നാണ് കുമ്മന്നൂര്‍ ജംഗ്ഷനിലെത്തിയത്. ആറ് കിലോമീറ്റര്‍ ദൂരം ഓടാനെടുത്തത് 9 മിനുട്ടാണ്. ഇത് സാധാരണ സമയം തന്നെയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറഞ്ഞു. സ്പോര്‍ട്സ് കാറുകളുടെ വലിയ ശബ്ദം കാരണമാകും അമിതവേഗത്തിലാണെന്ന് കണ്ടവര്‍ക്ക് തോന്നിയതെന്നും അധികൃതര്‍ അറിയിച്ചു.
കൊട്ടാരമുറ്റത്തും കുമ്മന്നൂരും സ്ഥാപിച്ചിരുന്ന സ്വകാര്യ വ്യക്തികളുടെ സിസിടിവി ക്യാമറകളിലെ ദൃശ്യം പരിശോധിച്ച ശേഷമാണ് മോട്ടോര്‍ വാഹന വകുപ്പ് ഈ നിഗമനത്തിലെത്തിയത്. മറ്റ് ഭാഗങ്ങളില്‍ ഇവര്‍ അമിതവേഗത്തിലായിരുന്നോ എന്നതിന് തെളിവെല്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് പറഞ്ഞു.