ചിക്കബല്ലാപുര:കർണാടകയിലെ ചിക്കബല്ലാപുര ജില്ലയിൽ 28-കാരിയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിലായി. കൊല്ലപ്പെട്ട യുവതിയുടെ മാതാപിതാക്കളും അടുത്ത ബന്ധുവുമാണ് പിടിയിലായത്.
തങ്ങളുടെ രഹസ്യ ബന്ധം അറിഞ്ഞതിനെ തുടർന്ന് മാതാവും ബന്ധുവും ചേർന്നാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം. ദുരഭിമാന കൊലയാണെന്ന് തെറ്റിദ്ധരിച്ച് ആത്മഹത്യയാക്കി മാറ്റാൻ ഗൂഢാലോചന നടത്തിയെന്നാണ് പിതാവിനെതിരെയുള്ള ആരോപണം.
കൊലാപതകത്തെ കുറിച്ച് ചിക്കബല്ലപുര എസ്പി മിഥുൻ കുമാർ പറയുന്നത് ഇങ്ങനെയാണ്. ‘ഈ മാസം ആദ്യമാണ് മുസൽമാനറഹള്ളി സ്വദേശിയായ ശിൽപ എന്ന പർവീണ ബാനു കൊല്ലപ്പെടുന്നത്. ഇവരുടെ മാതാപിതാക്കളായ ഗുൽസാർ ബാനു (45), ഫയാസ് (50) അടുത്ത ബന്ധുവായ പ്യാരേജാൻ (60) എന്നിവരാണ് കൊലപാതകത്തിൽ അറസ്റ്റിലായത്. ഫയാസ്-ഗുൽസാർ ബാനു ദമ്പതികളുടെ മൂത്ത മകളാണ് പർവീണ.
സെപ്റ്റംബർ നാലിനാണ് കൊലപാകം നടക്കുന്നത്. പത്ത് വർഷം മുമ്പ് സ്വന്തം സമുദായത്തിൽപ്പെട്ട ഒരാളുമായി പർവീണയുടെ വിവാഹം നടന്നിരുന്നു. വിവാഹം നടന്ന് ഒരു ദിവസത്തിന് ശേഷം തന്നെ ഇവർ വേർപിരിഞ്ഞു. തുടർന്ന് പർവീണ തന്റെ കാമുകനായ ശിവപ്പയെ വിവാഹം കഴിച്ചു. ശിൽപ എന്ന് പേര് മാറ്റുകയും ചെയ്തു. മദ്യത്തിനടിമയായിരുന്ന ശിവപ്പ അധികം വൈകാതെ രോഗംബാധിച്ച് മരിച്ചു. പിന്നീട് പർവീണ മറ്റൊരു യുവാവിനൊപ്പം ജീവിച്ചു. ഒരു റോഡ് അപകടത്തിൽ ഇയാളും മരിച്ചു.
ബന്ധുവുമായി അമ്മയ്ക്കുണ്ടായിരുന്ന രഹസ്യബന്ധം അറിഞ്ഞതിനെ തുടർന്നാണ് പർവീണ കൊല്ലപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. ബന്ധം മറച്ചുവെക്കാൻ ബന്ധുവായ പ്യാരേജാൻ ജാക്കറ്റ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പർവീണയ്ക്ക് മറ്റൊരു മതത്തിൽപ്പെട്ടയാളുമായി ബന്ധമുണ്ടെന്നും ഇതിനാലാണ് കൊലപ്പെടുത്തിയതെന്നുമാണ് കൊലപാതകത്തിന് ശേഷം പ്യാരേജാനും ഗുൽസാർ ബാനുവും പിതാവ് ഫയാസിനോട് പറഞ്ഞത്. പ്യാരേജാനുമായി തന്റെ ഭാര്യക്കുള്ള ബന്ധം ഫയാസിനറിയില്ലായിരുന്നു. മകളുടെ മൃതദേഹം കൊണ്ടുപോകുന്നതിനും സമീപത്തെ ഒരു പൊട്ടക്കിണറ്റിൽ തള്ളുന്നതിനും ഫയാസും ഇവർക്കൊപ്പം ചേർന്നു.
സെപ്റ്റംബർ അഞ്ചിന് ഗൗരിബിദനൂർ പോലീസ് കിണറ്റിൽ നിന്ന് പർവീണയുടെ മൃതദേഹം കണ്ടെടുത്തു. ആത്മഹത്യയാണെന്ന് ആദ്യം കരുതിയെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായി.
തുടർന്ന് പർവീണയുടെ ഫോൺകോളുകൾ പരിശോധിച്ച ശേഷമാണ് പോലീസ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പർവീണ അവസാനമായി സംസാരിച്ചത് അമ്മയോടും അമ്മാവനോടുമാണെന്ന് പോലീസ് കണ്ടത്തി. ഇതിന്റെ വിശദാംശങ്ങൾ പരിശോധിച്ചതിലൂടെയാണ് കഥകൾ പുറത്തുവന്നത്.