അനുജത്തിക്ക് വേണ്ടത് പറഞ്ഞുകൊടുത്തൂടെയെന്ന് ചോദിക്കും, അമ്മയ്ക്ക് എന്നെയോർത്ത് നല്ല പേടിയുണ്ട്’; അനശ്വര രാജൻ
കൊച്ചി:ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലും മലയാളി പ്രേക്ഷകരുടെ മനസിലും ഇടം കണ്ടെത്തിയ യുവ നടിയാണ് അനശ്വര രാജൻ. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അനശ്വര പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. ഇന്ന് മലയാളത്തിൽ മികച്ച സിനിമകളുടെ ഭാഗമാകുന്ന നടിയാണ് അനശ്വര രാജൻ.
പൊതുവെ എല്ലാ കാര്യത്തിലും ബോൾഡായി അഭിപ്രായം പറയാറുള്ള അനശ്വര രാജൻ മലയാളത്തിൽ ഏറ്റവും കൂടുതൽ സൈബർ ബുള്ളിയിങ് ഏറ്റുവാങ്ങിയിട്ടുള്ള നടിയാണ്. വസ്ത്രധാരണം, ഫോട്ടോഷൂട്ട് എന്നിവ വെച്ച് വിലയിരുത്തിയാണ് ഏറെയും പേർ അനശ്വരയെ സൈബർ ബുള്ളിയിങ് ചെയ്തിട്ടുള്ളത്.
നീളം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ച് എത്തുമ്പോഴാണ് ചാൻസ് കിട്ടാനാണോ ഈ വേഷംകെട്ടെന്ന് ആക്ഷേപിച്ചുകൊണ്ട് ഒരു വിഭാഗം ചോദിക്കുന്നത്. കമന്റുകൾ പേടിച്ച് പിൻതിരിഞ്ഞ് ഓടിയിട്ടില്ല അനശ്വര. അതിനെയെല്ലാം മറികടന്ന് മലയാള സിനിമയുടെ മുൻനിരയിൽ തന്നെയാണ് വന്ന് നിൽക്കുന്നത്.
ഇപ്പോഴിത താൻ നേരിട്ട അധിക്ഷേപങ്ങളെ കുറിച്ചും അവയോടൊല്ലാം തന്റെ കുടുംബം എങ്ങനെയാണ് പ്രതികരിച്ചതെന്നും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി അനശ്വര. ‘പുറത്ത് നിന്ന് നോക്കുന്നവർക്ക് ബോൾഡായി തോന്നുമെങ്കിലും ഓരോ വിവാദത്തിലും ഞാനും കുടുംബവും ഏറ്റവും മോശമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നുണ്ട്.’
‘യെസ് വീ ഹാവ് ലെഗ്സ് വിവാദത്തിലും ഐസോഗ്രാഫി ഫോട്ടോഷൂട്ടിനുശേഷവും പലരും അച്ഛനോടും അമ്മയോടും ചോദിച്ചു…. ചാൻസ് കിട്ടാൻ വേണ്ടിയാണോ അനശ്വര ഇത് ചെയ്തതെന്ന് . ചേച്ചിയോട് ചോദിക്കുന്നു…. അനുജത്തിക്ക് വേണ്ടത് പറഞ്ഞുകൊടുത്ത് കൂടേയെന്ന്. ഇന്ന് ഷോർട്സ് ഇടുന്നത് എനിക്കൊരു ബിഗ് ഡീൽ അല്ല.’
‘എന്ത് പറഞ്ഞാലും കുഴപ്പമില്ല എന്ന തലത്തിലേക്ക് വളർന്നു. തുടക്കത്തിൽ അങ്ങനെയായിരുന്നില്ല. ഗ്രാമ പ്രദേശത്തെ സാധാരണ കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയാണ് ഞാൻ. ചില അവസരങ്ങളിൽ വളരെ കംഫർട്ടബിളായ വസ്ത്രമാണെങ്കിലും ഷോർട്സ് ഇട്ട് നടക്കാനുള്ള ധൈര്യമൊന്നും ഉണ്ടായിരുന്നില്ല.’
‘വിവാദത്തിന് ശേഷമാണ് ധൈര്യം വന്നത്. അടുത്ത വീട്ടിലെ പെൺകുട്ടി എന്ന തോന്നലുളവാക്കുന്ന കഥാപാത്രത്തിലൂടെയാണ് ഞാൻ തുടങ്ങുന്നത്. മുന്നോട്ട് പോകുമ്പോൾ അഭിനേതാവ് എന്ന നിലയിൽ എന്നെത്തന്നെ തൃപ്തിപ്പെടുത്തേണ്ടതുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങൾ വഴങ്ങുമെന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട്. ലുക്കിലും കഥാപാത്രങ്ങളിലും പരീക്ഷിക്കണമെന്ന് എനിക്ക് തോന്നുന്ന കാര്യങ്ങളുണ്ട്.’
‘അത് ഞാൻ ചെയ്യുമ്പോൾ അതിനെ അഭിനന്ദിച്ചില്ലെങ്കിലും മോശം ഭാഷയിൽ പ്രതികരിക്കേണ്ട കാര്യമില്ല. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിൽ മറ്റുള്ളവർ ഇത്രയധികം കടന്ന് കയറുന്നത് എന്തിനാണ്.’ അനശ്വര ചോദിക്കുന്നു. വളരെ തരംതാണ കമന്റുകളാണ് അനശ്വരയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് വരാറുള്ളത്.
തനിക്ക് പ്രണയകഥകളോടുള്ള താൽപര്യത്തെ കുറിച്ചും അനശ്വര വെളിപ്പെടുത്തി. ‘കുട്ടിക്കാലം മുതൽ തന്നെ പുസ്തകങ്ങൾ വായിക്കാനായാലും സിനിമ കാണാനായാലും എനിക്ക് ഇഷ്ടം പ്രണയ കഥകളോടായിരുന്നു. എവിടെ പോയാലും എന്റെ ബാഗിൽ ഒരു ലൗ സ്റ്റോറി ബുക്ക് കാണും. മിക്കവാറും ഇംഗ്ലീഷ് പുസ്തകങ്ങളായിരിക്കും.’
‘വീ വേർ ലയേഴ്സ് ആണ് ഇപ്പോൾ വായിക്കുന്നത്. പ്രണയിക്കുകയാണെങ്കിൽ ആഴത്തിൽ പ്രണയിക്കാനാണ് ഇഷ്ടം. ചെറിയ പ്രണയ അനുഭവങ്ങളൊക്കെ എനിക്കുണ്ടായിട്ടുണ്ടെങ്കിലും ആഴത്തിലുള്ള പ്രണയത്തിൽ ഇതുവരെ ചെന്നുപെട്ടിട്ടില്ല. അമ്മയ്ക്ക് എന്നെയോർത്ത് നല്ല പേടിയുണ്ട്. എപ്പോഴാണ് പ്രണയിച്ച് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുക എന്നൊക്കെയാകും ചിന്ത. ട്രിപ്പെന്ന് പറഞ്ഞ് ഞാൻ പോകുന്നത് തന്നെ അമ്മയ്ക്ക് ടെൻഷനാണ്.’
‘പക്ഷെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്നറിയാം. എങ്കിലും എന്നെ ഏറ്റവും മനസിലാക്കുന്നതും അമ്മയാണ്’ അനശ്വര രാജൻ പറയുന്നു. പയ്യന്നൂർക്കാരിയായ അനശ്വരയുടെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ പ്രണയ വിലാസമാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.