മകളെ പോലെ വേഷം കെട്ടി അമ്മ സ്‌കൂളില്‍: തിരിച്ചറിയാതെ അധ്യാപകര്‍, ഒടുവിൽ സംഭവിച്ചത്
ടെക്സസ്:സ്‌കൂളുകള്‍ കുട്ടികള്‍ക്ക് സുരക്ഷിതമാണോ ? ഇക്കാര്യം പരിശോധിക്കാനാണ് അമേരിക്കയിലെ ടെക്‌സാസിലെ എല്‍ പാസോയിലെ സാസി ഗാര്‍സിയ തീരുമാനിച്ചത്. പതിമൂന്നുകാരിയായ മകളുടെ വേഷത്തില്‍ സ്‌കൂളില്‍ പോയി സുരക്ഷ പരിശോധിക്കാന്‍ കടുത്ത പണികളാണ് സാസി എടുത്തത്.
ഒരു ദിവസം മുമ്പു തന്നെ മുടി ഡൈ ചെയ്യുകയും മേക്കപ്പ് ചെയ്യുകയുമുണ്ടായി. തുടര്‍ന്ന് ഒരു യെല്ലോ ഹുഡും മാസ്‌കും ധരിച്ച് ബാഗുമെടുത്ത് സ്‌കൂളിലെത്തി.
വിവിധ ക്ലാസുകളില്‍ അവര്‍ പങ്കെടുത്തു. ക്ലാസുകളില്‍ പഠിക്കാനിരിക്കുന്നതും അധ്യാപകരുമായും ജീവനക്കാരുമായും സംസാരിക്കുന്നതും കാമറയില്‍ പകര്‍ത്തി. ക്ലാസില്‍ പങ്കെടുക്കവെ ഒരു അധ്യാപിക ഇവരെ ജൂലി എന്നു വിളിക്കുന്നുമുണ്ട്. പക്ഷെ, അവസാന പിരീഡില്‍ അധ്യാപികക്കു ചില സംശയങ്ങളുണ്ടാവുന്നുണ്ട്.
പക്ഷെ, വീഡിയോ എഡിറ്റ് ചെയ്ത് യൂട്യൂബില്‍ പോസ്റ്റ് ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. വീഡിയോ ശ്രദ്ധയില്‍ പെട്ട അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. സ്‌കൂളില്‍ നിയമവിരുദ്ധമായി അതിക്രമിച്ചു കയറി, സര്‍ക്കാര്‍ രേഖകള്‍ തിരുത്തി, ഗതാഗത നിയമങ്ങള്‍ ലംഘിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ഇവര്‍ ചെയ്‌തെന്നാണ് പരാതി പരിശോധിച്ച പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് കേസുമെടുത്തു.
തന്നെ കണ്ടാല്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണെന്നു തോന്നുമോ എന്നു സാസി ചോദിക്കുന്നതായി വീഡിയോയില്‍ കാണാം. സ്‌കൂളുകളില്‍ കൂടുതല്‍ സുരക്ഷ വേണമെന്നു വ്യക്തമാക്കാന്‍ വേണ്ടി മാത്രമാണ് ഇതൊക്കെ ചെയ്തതെന്നു മറ്റൊരു വീഡിയോയില്‍ സാസി പറയുന്നു.
ഉദ്ദേശശുദ്ധി എന്തുമാവട്ടെ, കേസെടുത്തതിനാല്‍ അഞ്ചര ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെച്ചാണ് സാസി ജാമ്യത്തില്‍ ഇറങ്ങിയത്. കൊറോണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ കാലത്ത് കുട്ടികള്‍ വീടുകളിലായിരുന്നല്ലോ കഴിഞ്ഞിരുന്നത്. കുട്ടികള്‍ ഇക്കാലത്തും വളര്‍ന്നതിനാല്‍ അധ്യാപകര്‍ക്കു അവരെ തിരിച്ചറിയാന്‍ കഴിയുന്നില്ല. കൂടാതെ മാസ്‌കും ധരിച്ചാണല്ലോ ഇപ്പോള്‍ എല്ലാവരും പുറത്തിറങ്ങുന്നതും.