മുലയൂട്ടുന്നതിനിടെ അമ്മ കുഞ്ഞിനു മേലേക്ക് മരിച്ചുവീണു; ശ്വാസം കിട്ടാതെ കുഞ്ഞിന് ദാരുണാന്ത്യം
മുലയൂട്ടുന്നതിനിടെ അമ്മ കുഞ്ഞിനു മേലേക്ക് കുഴഞ്ഞു വീണ് മരിച്ചതിനെ തുടര്‍ന്ന് ശ്വാസമെടുക്കാനാവാതെ കുഞ്ഞു മരിച്ചു. അര്‍ജന്റീന സ്വദേശിനിയായ മരിയാന ഒജേദ എന്ന 30 കാരിയും രണ്ടുമാസം പ്രായമുള്ള മകളുമാണ് മരിച്ചത്.
വീട്ടിലെ കിടക്കയിലിരുന്ന് കുഞ്ഞിന് മുലയൂട്ടുന്നതിനിടെ പെട്ടെന്ന് മരിയാന മരിച്ചു വീഴുകയായിരുന്നു. ഇതോടെ കുഞ്ഞ് അമ്മയുടെ ശരീരത്തിന് കീഴിലായി അകപ്പെട്ടു പോയി.
ഇവര്‍ക്ക് പുറമെ മൂന്ന് വയസുകാരനായ മകന്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മുത്തശ്ശിയുടെ വീട്ടിലായിരുന്ന മൂത്ത മകളെ കൂട്ടിക്കൊണ്ടു പോകാന്‍ മരിയാന എത്താത്തതിനെ തുടര്‍ന്ന് ബന്ധുകള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു.
എന്നാല്‍ മറുപടി ലഭിക്കാതായതോടെ പരിഭ്രാന്തരായ അവര്‍ മരിയാനയുടെ ഭര്‍ത്താവായ ഗബ്രിയേലിനെ വിവരമറിയിച്ചു. ഗബ്രിയേല്‍ പലതവണ വിളിച്ചശേഷം ഒടുവില്‍ മൂന്നു വയസുകാരനായ മകനാണ് ഫോണെടുത്തത്. അമ്മ ഉറങ്ങുകയാണ് എന്നായിരുന്നു കുട്ടിയുടെ മറുപടി. ഇതില്‍ പന്തികേട് തോന്നിയ ഗബ്രിയേല്‍ ഉടന്‍ തന്നെ വീട്ടിലെത്തിയപ്പോള്‍ അമ്മയും കുഞ്ഞും മരിച്ചു കിടക്കുന്നതാണ് കണ്ടത്.
ഇരുവരുടേയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇനിയും ലഭിച്ചിട്ടില്ല. എങ്കിലും എന്തെങ്കിലും അക്രമം നടന്നതായുള്ള യാതൊരു സൂചനകളും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല. രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മരിയാന മരിച്ചത് എന്നാണ് നിഗമനം. മരണവെപ്രാളത്തിനിടെ മരിയാന കുഞ്ഞിന് മേലേക്ക് വീഴുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിച്ചു വരികയാണ്.