ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ. ഓഫ്ലൈന്‍ ടിക്കറ്റ് കൗണ്ടറുകള്‍ പുനഃരാരംഭിക്കും. റെയില്‍വേ സ്റ്റേഷനുകളില്‍ കടകളും അനുവദിക്കും. രാജ്യം സാധാരണനിലയിലേക്ക് എത്തേണ്ട സമയമായെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
രാജ്യത്തെ 1.7 ലക്ഷം കോമണ്‍ സര്‍വീസ് സെന്ററുകള്‍ വഴി വെള്ളിയാഴ്ച മുതല്‍ ടിക്കറ്റ് ബുക്കിംഗ് തുടങ്ങും. അടുത്ത രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ നിര്‍ദ്ദിഷ്ട സ്റ്റേഷനുകളില്‍ ബുക്കിംഗ് പുനഃരാംഭിക്കുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന സേവന കേന്ദ്രങ്ങളാണ് കോമണ്‍ സര്‍വീസ് സെന്ററുകള്‍.
സുരക്ഷ മുന്‍നിര്‍ത്തിയുള്ള ടിക്കറ്റ് ബുക്കിംഗ് നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ രൂപപ്പെടുത്തുന്നതിന് പഠനങ്ങള്‍ നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. ട്രെയിനുകള്‍ പുനഃരാരംഭിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. കൂടുതല്‍ ആളുകള്‍ ജോലിക്കായി നഗരങ്ങളിലേക്ക് തിരിച്ചെത്തുന്നത് ശുഭലക്ഷണമാണെന്നും മന്ത്രി പറഞ്ഞു.
പശ്ചിമ ബംഗാളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന 40 ലക്ഷത്തോളം ആളുകളുണ്ട്. എന്നാല്‍ ഇതുവരെ 27 പ്രത്യേക ട്രെയിനുകള്‍ മാത്രമാണ് ബംഗാളിലേക്ക് സര്‍വീസ് നടത്തിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.