ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 7,830 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. റിപ്പോര്‍ട്ട് അനുസരിച്ച് 223 ദിവസത്തിനിടെ ഇന്ത്യയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് സജീവ കേസുകളുടെ എണ്ണം 40,215 ആയി ഉയർന്നു.
അതേസമയം പകർച്ചവ്യാധി മൂലമുള്ള മരണസംഖ്യ 5,31,016 ആയി ഉയർന്നു. ആരോഗ്യ മന്ത്രാലയം രാവിലെ എട്ട് മണിക്ക് പുറത്തുവിട്ട കണക്കുകളാണ് ഇവ. വൈറസ് സംബന്ധമായ അസുഖം മൂലം അഞ്ച് പേരാണ് കേരളത്തിൽ മരിച്ചത്. ഇന്നലെ 5,676 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്ന് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണത്തിൽ വൻ കുതിപ്പാണുണ്ടായത്.
രാജ്യത്ത് റിപ്പോർട്ട് ചെയ്ത മൊത്തം കോവിഡ് കേസുകളുടെ എണ്ണം 4,47,76,002 ആയി. 2022 സെപ്റ്റംബർ ഒന്നിന് രാജ്യത്ത് 7,946 പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 4,42,04,771 പേരാണ് രോഗ മുക്തി നേടിയത്. അതേസമയം മരണനിരക്ക് 1.19 ശതമാനം രേഖപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് അനുസരിച്ച് രാജ്യത്ത് ഇതുവരെയായി 220.66 കോടി കൊവിസ് വാക്‌സിനുകൾ നൽകിയിട്ടുണ്ട്.