മലപ്പുറത്ത് ദമ്പതികള്‍ക്ക് നേരെ സദാചാര പോലീസ് ആക്രമണം; പത്തുമാസം പ്രായമായ കുഞ്ഞിനും പരിക്കേറ്റു
തിരൂര്‍: കോട്ടയ്ക്കലില്‍ ആള്‍ക്കൂട്ട ആക്രമണത്തെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നാലെ മലപ്പുറത്ത് കൈക്കുഞ്ഞുമായി പോയ ദമ്പതികളെ സദാചാര പോലീസ് ചമഞ്ഞ് ആള്‍ക്കൂട്ടം ആക്രമിച്ചു. പത്തു മാസം പ്രായമുള്ള കുഞ്ഞുമായി ബന്ധുവീട്ടില്‍നിന്നു മടങ്ങിയ ദമ്പതികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. തിരുന്നാവായ സൗത്ത് പല്ലാറ്റിലെ കറുത്തേരിയിലാണു സംഭവം.
കൂട്ടായി കുറിയന്റെ പുരക്കല്‍ ജംഷീറും ഭാര്യ സഫിയയും കുഞ്ഞും ഓട്ടോറിക്ഷയില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു. കുഞ്ഞ് വിശന്നുകരഞ്ഞപ്പോള്‍ ഓട്ടോറിക്ഷ നിര്‍ത്തിയിട്ടശേഷം മുലപ്പാല്‍ നല്‍കുകയായിരുന്നു. ഇതിനിടെ ബൈക്കിലെത്തിയ സംഘം ദമ്പതികളെ ആക്രമിക്കുകയായിരിന്നു.
ഭാര്യയും കുഞ്ഞുമാണ് ഓട്ടോയിലുള്ളതെന്നു പറഞ്ഞിട്ടും വകവച്ചില്ലെന്നും ക്രൂരമായി ആക്രമിച്ചെന്നും ജംഷീര്‍ പറഞ്ഞു. പിടിവലിക്കിടെ കുഞ്ഞിനു പരുക്കേറ്റു. സഫിയയ്ക്കു പരുക്കില്ല. ഇവര്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
ഡിസ്‌കോ സിദ്ധീഖ് എന്നയാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്നു സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ പോലീസ് കേസെടുത്തു. ജില്ലയില്‍ സദാചാരത്തിന്റെ പേരുപറഞ്ഞുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കയിലാണ്.