ബേസില്‍ വടിവാളുമായി വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ തന്നെ സഹോദരി അഖിലിനെ വിളിച്ചറിയിച്ചിരുന്നു; നിര്‍ണായ വിവരങ്ങള്‍ പുറത്ത്
കോട്ടയം: മൂവാറ്റുപുഴയില്‍ കാമുകിയുടെ സഹോദരന്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അപകടനില തരണം ചെയ്‌തെന്ന് കോട്ടയം മെഡിക്കല്‍ കോളേജ് അധികൃതര്‍. മൂവാറ്റുപുഴ സ്വദേശി അഖിലിന് ഇന്നലെ രാത്രിയാണ് വെട്ടേറ്റത്. നിലവില്‍ അഖിലിന്റെ ആരോഗ്യനില തൃപ്തികരമാണ്. ശസ്ത്രക്രിയക്ക് ശേഷം നില ഗുരുതരമായതിനാല്‍ അഖിലിനെ വാര്‍ഡിലേക്ക് മാറ്റി. കറുകടം സ്വദേശി ബേസില്‍ എല്‍ദോസാണ് അഖിലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ബേസിലിന്റെ സഹോദരിയെ അഖില്‍ പ്രണയിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. ആക്രമണത്തില്‍ അഖിലിന്റെ കഴുത്തിലും കയ്യിലും വെട്ടേറ്റു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും വെട്ടേറ്റിട്ടുണ്ട്. ബേസിലിനൊപ്പം എത്തിയ സുഹൃത്ത് പോലീസ് പിടിയിലായി. കറുകടം സ്വദേശി പതിനേഴുകാരനെ പോലീസ് വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബേസിലിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്നലെ വെകിട്ടാണ് മൂവാറ്റുപുഴയിലെ മെഡിക്കല്‍ സ്റ്റോറിലെത്തിയ അഖിലിനെയും സുഹൃത്തിനെയും മറ്റൊരു ബൈക്കിലെത്തിയ ബേസില്‍ വെട്ടിയത്. സഹോദരിയുമായുള്ള പ്രണയമാണ് കൊലപാതക ശ്രമത്തിന് പിന്നിലെ കാരണം. ബേസില്‍ വടിവാളുമായി വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ സഹോദരി അഖിലിനെ വിളിച്ചറിയിച്ചിരുന്നു. എന്നാല്‍ ടൗണില്‍ വെച്ച് ഇത്തരത്തിലൊരു കൊലപാതകശ്രമം നടക്കുമെന്ന് അഖിലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് വിവരം.
കൊല്ലണമെന്ന ഉദേശത്തോടെ തന്നെയാണ് ബേസില്‍ അഖിലിനെ വെട്ടിയതെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അരുണ്‍ പ്രതികരിച്ചു. ബേസിലിന്റെ സഹോദരിയും അഖിലും പ്ലസ്ടുവിന് സഹപാഠികളായിരുന്നു. ബേസില്‍ ഇരുവരും തമ്മിലുള്ള ബന്ധത്തെ എതിര്‍ത്തിരുന്നു. ബൈക്കിലെത്തിയ ബേസില്‍ രണ്ട് കയ്യിലുമുണ്ടായിരുന്ന വാളുകള്‍ ഉപയോഗിച്ച് അഖിലിനെ വെട്ടുകയായിരിന്നു. കൈ കൊണ്ട് തടുത്തതുകൊണ്ടാണ് തലയില്‍ കാര്യമായി പരിക്കേല്‍ക്കാതിരുന്നത്.