പാറ്റ്ന:വിമാന ചിറകിൽ പക്ഷി ഇടിച്ചതിനെ തുടർന്നാണ് വലിയൊരു ദുരന്തം വനിതാ പൈലറ്റായ മൊണിക്ക ഖന്ന മുന്നിൽ കണ്ടത്. പക്ഷി ഇടിച്ചതിനെ തുടർന്ന് അഗ്നിബാധയുണ്ടായി. ഇതോടെയാണ് 185 യാത്രക്കാരുടെയും ജീവൻ തുലാസിലായത്.
എന്നാൽ ഇവിടെ സമചിത്തത കൈവിടാതെ വിമാനം അടിയന്തരമായി നിലത്തിറക്കിയാണ് യാത്രക്കാരുടെ ജീവൻ മോണിക്ക ഖന്ന എന്ന വനിതാ പൈലറ്റ് രക്ഷിച്ചത്. ഏതായാലും സമൂഹമാധ്യമങ്ങളിൽ മോണിക്കയ്ക്ക് അഭിനന്ദന പ്രവാഹമാണ്. ഇതിനോടകം തന്നെ മോണിക്ക ഖന്ന താരമായി മാറുകയും ചെയ്തിട്ടുണ്ട്.
പാറ്റ്നയിൽനിന്ന് ഡൽഹിയിലേക്ക് തിരിച്ച വിമാനമാണ് അപകടാവസ്ഥ നേരിട്ടത്. വിമാനം പറന്നുയർന്ന ഉടനെയാണ് പക്ഷി വന്നിടിച്ചത്. വിമാനത്തിന് തീപിടിച്ചതോടെയാണ് വൻ ദുരന്തം മുന്നിൽ കണ്ടത്.
വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റ് മോണിക്ക ഖന്നയും ഫസ്റ്റ് ഓഫീസറായ ബൽപ്രീത് സിങ് ഭാട്ടിയയും ചേർന്ന് നടത്തിയ സമയോചിതമായ ഇടപെടലാണ് രക്ഷയായത്. ഉടൻ തന്നെ വിമാനം എമർജൻസി ലാൻഡിങ് നടത്തുകയായിരുന്നു.
പാറ്റ്നയിലെ സംഭവത്തിൽ ധീരതയോടെ വിമാനം നിയന്ത്രിച്ച വൈമാനികരെക്കുറിച്ച് അഭിമാനിക്കുന്നുവെന്ന് സ്പൈസ് ജെറ്റ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ഈ പൈലറ്റുമാരിൽ വിശ്വാസമർപ്പിക്കാമെന്നും മികച്ച പരിശീലനം നേടിവരാണ് അവരെന്നും സ്പൈസ് ജെറ്റ് ഓപ്പറേഷൻ തലവൻ
ഗുരുചരൺ അറോറ പ്രസ്താവനയിൽ പറഞ്ഞു. ഒരു സന്നിഗ്ധ ഘട്ടത്തിൽ സമചിത്തത കൈവിടാതെ എങ്ങനെയാണ് വിമാനം ഒരു കുലുക്കം പോലും സംഭവിക്കാതെ എങ്ങനെയാണ് നിലത്തിറക്കുകയെന്നത് നാം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.