വീണ്ടും മോഹന്‍ലാലും ജീത്തു ജോസഫും; സര്‍പ്രൈസ് പ്രഖ്യാപനവുമായി ആന്‍റണി പെരുമ്പാവൂര്‍,ദൃശ്യം മൂന്നോയെന്ന് സിനിമാലോകം
കൊച്ചി:സിനിമാപ്രേമികള്‍ക്ക് സര്‍പ്രൈസുമായി ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീം വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം. 12 ത്ത് മാനിനു ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമായിരിക്കും ഇത്. ആശിര്‍വാദ് സിനിമാസിന്‍റെ ഫിലിമോഗ്രഫിയിലെ 33-ാം ചിത്രമാണ് ഇത്. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുമെന്നും ആന്‍റണി പെരുമ്പാവൂര്‍ അറിയിച്ചിട്ടുണ്ട്. ഇത് ദൃശ്യം 3 യോ റാം ഫ്രാഞ്ചൈസിയില്‍ പെട്ട ചിത്രമോ അല്ലെന്നും മറിച്ച് മറ്റൊരു ചിത്രമാണെന്നുമാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.
മോഹന്‍ലാല്‍ തന്നെ നായകനാവുന്ന റാം പാര്‍ട്ട് 1 പൂര്‍ത്തിയാകാനുള്ളപ്പോഴാണ് അതിന് മുന്‍പ് തന്നെ ജീത്തു ജോസഫ് മോഹന്‍ലാലിനെ നായകനാക്കി മറ്റൊരു ചിത്രം ഒരുക്കുന്നത്. ട്രേഡ് അനലിസ്റ്റുകളില്‍ നിന്ന് പോലും യാതൊരു സൂചനയും ഈ പ്രോജക്റ്റിനെക്കുറിച്ച് ഇല്ലായിരുന്നുവെന്നത് ആരാധകരെ അമ്പരപ്പിക്കുന്നുണ്ട്. അതേസമയം ദൃശ്യം 3 വരുന്നതായി ദേശീയ മാധ്യമങ്ങളില്‍ അടക്കം നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ ജീത്തു ജോസഫ് തള്ളിയിരുന്നു.
ദൃശ്യം 2 ഹിന്ദിയുടെ സംവിധായകനും സഹ തിരക്കഥാകൃത്തുമായ അഭിഷേക് പതക്കും സഹ രചയിതാക്കളും മൂന്നാം ഭാഗത്തിന്‍റെ ആശയം ജീത്തു ജോസഫിന് മുന്നില്‍ അവതരിപ്പിച്ചെന്നും ഇത് ഇഷ്ടപ്പെട്ട ജീത്തു മൂന്നാം ഭാഗത്തിന്‍റെ തിരക്കഥാരചനയില്‍ ആണെന്നും അടുത്ത വര്‍ഷം ചിത്രം നിര്‍മ്മിക്കപ്പെടുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
ചിത്രത്തെക്കുറിച്ചുള്ള ആലോചന നേരത്തേ തന്നെ ഉണ്ടെന്നും എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ജീത്തു പ്രതികരിച്ചിരുന്നു. “ദൃശ്യം 3 നായി പുറത്തുനിന്ന് കഥ എടുക്കില്ല. കഥ കേട്ടെന്ന് പറയുന്നത് വാസ്തവമല്ല. എല്ലാം ഒത്തുവരുമ്പോള്‍ മാത്രം സംഭവിക്കേണ്ട സിനിമയാണ് അത്.
എപ്പോള്‍, എങ്ങനെ എന്ന് ഇപ്പോള്‍ പറയാനാകില്ല”, ജീത്തു ജോസഫ് പറഞ്ഞിരുന്നു. അതേസമയം ജീത്തുവും മോഹന്‍ലാലും ഒരുമിച്ച അവസാന രണ്ട് ചിത്രങ്ങളും ഡയറക്റ്റ് ഒടിടി റിലീസുകള്‍ ആയിരുന്നു. ദൃശ്യം 2, ട്വല്‍ത്ത് മാന്‍ എന്നിവയായിരുന്നു ഈ ചിത്രങ്ങള്‍.